എറണാകുളം: സംസ്ഥാനത്ത് വരും മണിക്കൂറുകളിൽ മഴ ശക്തമാകുമെന്ന മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് പുതിയ മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. വരും ദിവസങ്ങളിലും സംസ്ഥാനത്ത് ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്.
മഴ കനക്കാൻ സാദ്ധ്യതയുള്ളതിനാൽ സംസ്ഥാനത്ത് ഇന്ന് ഏഴ് ജില്ലകളിലാണ് യെല്ലോ അലർട്ട് ഏർപ്പെടുത്തിയിരിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്. ഇവിടങ്ങളിൽ ശക്തമായ മഴയായിരിക്കും ലഭിക്കുക എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. അതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട്. അതേസമയം വരും ദിവസങ്ങളിൽ മഴ ലഭിക്കുമെങ്കിലും മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല.
മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. അതുകൊണ്ടുതന്നെ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. കേരള- കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ മത്സ്യബന്ധനം പാടില്ലെന്നാണ് മുന്നറിയിപ്പുള്ളത്.












