സംഗറെഡ്ഡി: ആഭിചാര കർമ്മങ്ങൾ നടത്തുന്നുവെന്ന് സംശയിച്ച് ദമ്പതികളെ വീട് കയറി ബലമായി പിടിച്ചിറക്കി മരത്തിൽ കെട്ടിയിട്ട് നാട്ടുകാർ. തെലങ്കാനയിലെ സംഗറെഡ്ഡി കോൾക്കുറു ഗ്രാമത്തിലാണ് സംഭവം. യദ്ദയ്യയെയും ഭാര്യ ശ്യാമമ്മയുമാണ് നാട്ടുകാരുടെ ആൾക്കൂട്ട വിചാരണയ്ക്ക് ഇരയായത്.
ആഭിചാര കർമ്മങ്ങൾ നടത്തിയെന്ന ആരോപണത്തെ തുടർന്ന് ഒരുകൂട്ടം നാട്ടുകാർ സംഘടിച്ച് ഇവരുടെ വീട്ടിലേക്ക് ഇരച്ചുകയറി ഇരുവരെയും വലിച്ചിറക്കുകയായിരുന്നു. തുടർന്ന് ഗ്രാമത്തിലെ ഒരു പൊതുസ്ഥലത്ത് എത്തിച്ചാണ് മരത്തിൽ കെട്ടിയിട്ട് ആൾക്കൂട്ട വിചാരണ നടത്തിയത്. സംഭവം അറിഞ്ഞ് എത്തിയ പോലീസാണ് ഇരുവരെയും രക്ഷപെടുത്തിയത്.
രണ്ട് ദിവസങ്ങൾ മുൻപ് നടന്ന സംഭവത്തിന്റെ പേരിലായിരുന്നു നാട്ടുകാരുടെ ആൾക്കൂട്ട വിചാരണയെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ ദമ്പതികൾ കാര്യമായ പരിക്കുകൾ ഇല്ലാതെ രക്ഷപെട്ടു. ഇരുവരെയും മരത്തിൽ കെട്ടിയിട്ട നിലയിലുളള വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ചുറ്റും നൂറിലധികം വരുന്ന നാട്ടുകാരെയും കാണാം.
സദാശിവ്‌പേട്ട് പോലീസ് സ്‌റ്റേഷന്റെ പരിധിയിലാണ് സംഭവം നടന്ന കോൾക്കുറു ഗ്രാമം. അക്രമത്തിൽ കേസ് രജിസ്റ്റർ ചെയ്തതായി പോലീസ് വ്യക്തമാക്കി. ഇവരെ കായികമായി അക്രമിച്ചതായും പറയപ്പെടുന്നുണ്ട്.
Discussion about this post