തിരുവനന്തപുരം: എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിലെ മികച്ച വിജയത്തിന് പത്രവായനയും വലിയ സഹായകമാകും. തുടർമൂല്യനിർണയത്തിന് നൽകുന്ന 20 ശതമാനം മാർക്കിൽ 10 ശതമാനം മാർക്ക് പത്ര-പുസ്തക വായനയിലെ മികവിന് നൽകാനാണ് സർക്കാർ തീരുമാനം. ഇത് സംബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഉടൻ ഉത്തരവ് പുറത്തിറക്കും. പി എൻ പണിക്കർ ഫൗണ്ടേഷൻ വായനദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുന്നതിനിടെയിലാണ് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി ഇക്കാര്യം അറിയിച്ചത്.
പഠനാനുബന്ധപ്രവർത്തനങ്ങളിലെ മികവു പരിഗണിച്ച് നിലവിൽ 100 മാർക്കിന്റെ പരീക്ഷയ്ക്ക് 20 മാർക്കും 50 മാർക്കിന്റെ പരീക്ഷയ്ക്ക് 10 മാർക്കും തുടർമൂല്യ നിർണയത്തിലൂടെ സ്‌കൂൾതലത്തിൽ നൽകുന്നുണ്ട്. ഇതിൽ 10 മാർക്ക് പത്ര പുസ്തക വായനയിലുള്ള താൽപര്യത്തിന്റെയും മികവിന്റെയും അടിസ്ഥാനത്തിൽ നൽകാനാണു തീരുമാനം. കുട്ടികളെ സാമൂഹികാവബോധവും വിശാലമായ അറിവും നേടാൻ പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ടാണ് ഇതെന്ന് ശിവൻകുട്ടി പറഞ്ഞു.
മലയാളത്തിലെ മൂന്ന് പ്രമുഖ ദിനപത്രങ്ങളിലെ വാർത്തകൾ അടിസ്ഥാനമാക്കിയാണ് വാർത്തയും അവലോകനവും കുട്ടികൾ തയ്യാറാകേണ്ടത്. സ്‌കൂൾ തലം മുതൽ സംസ്ഥാന തലം വരെ മത്സരം നടക്കും. സംസ്ഥാനതലത്തിൽ ആദ്യ മൂന്ന് സ്ഥാനം നേടുന്നവർക്ക് യഥാക്രമം 20,17,14 മാർക്ക് വീതമായിരിക്കും ലഭിക്കുക.
Discussion about this post