ഭിത്തിയിലും മറ്റും വെറുതെ അങ്ങോട്ടുമിങ്ങോട്ടും പാഞ്ഞു നടക്കുന്ന പല്ലികളെ കണ്ടാൽ നമുക്ക് ചിലപ്പോൾ ദേഷ്യം വരാറുണ്ട്. നമ്മൾ ചിലപ്പോൾ ചൂലെടുത്ത് അതിനെയൊക്കെ ഓടിക്കാനും ശ്രമിക്കാറുണ്ട്. വാൽ മുറിച്ചിട്ടാണ് പല്ലികൾ അപ്പോൾ രക്ഷപ്പെടാറുള്ളത്. പല്ലികൾ രക്ഷപ്പെടലിനായി ഉപയോഗിക്കുന്ന പ്രധാന ഐഡിയ ആണത്.
എന്നാൽ നമ്മളിപ്പോൾ പരിചയപ്പെടാൻ പോകുന്ന പല്ലി വർഗത്തിൽ പെട്ട ഈ ജീവി വാലു കൊണ്ട് ഒറ്റയടിക്ക് മൃഗങ്ങളെ തീർത്ത് കളയും. അതായത് വാലു മുറിക്കുമെന്ന് കരുതി ഇതിന്റെ അടുത്തേക്ക് പേടിപ്പിക്കാൻ ചെല്ലരുത്. നമ്മുടെ കാര്യം തീരുമാനമാകും.
ദശലക്ഷണക്കണക്കിന് വർഷങ്ങൾ മുൻപാണ് ഭീമാകാരന്മാരായ ഡിനോസറുകൾ ഭൂമിയിൽ ജീവിച്ചിരുന്നത്. മനുഷ്യകുലത്തിന് എക്കാലവും അത്ഭുതമായിരുന്നു ഈ ഉരഗ വർഗ്ഗം. അതുകൊണ്ട് തന്നെ ദിനോസറുകളെ കേന്ദ്ര പ്രമേയമാക്കി വന്ന സ്റ്റീഫൻ സ്പീൽബർഗ് ചിത്രങ്ങളെല്ലാം വലിയ വിജയങ്ങൾ നേടിയിരുന്നു. കുട്ടികളും മുതിർന്നവരും ഒരുപോലെ ആസ്വദിച്ചിരുന്ന ഈ ചിത്രങ്ങൾ ചിലരുടെയെങ്കിലും ഉറക്കം കെടുത്തുകയും ചെയ്തു.
ദിനോസറുകളെ അനുസ്മരിപ്പിക്കുന്ന ഏതെങ്കിലും ജീവികൾ ഇന്ന് ഭൂമിയിലുണ്ടോ എന്ന് ചോദിച്ചാൽ അതിന് ഒറ്റ ഉത്തരമെയുള്ളൂ . കൊമൊഡോ ഡ്രാഗൺ. ലോകത്തിലെ ഏറ്റവും വലിയ പല്ലിവർഗ്ഗത്തിൽ പെട്ട ജീവിയാണ് ഇവൻ . മദ്ധ്യ ഇന്തോനേഷ്യയിലെ കൊമൊഡോ ദ്വീപിലാണ് ഈ ജീവിയെ പ്രധാനമായും കാണാൻ കഴിയുന്നത്. ദ്വീപിലെ കൊമോഡോ നാഷണൽ പാർക്ക് അതി പ്രശസ്തവും ആധുനിക കാലത്തെ പ്രകൃതിയിലെ ലോക മഹാത്ഭുതങ്ങളിൽ ഒന്നുമാണ്. ഒപ്പം യുനസ്കോയുടെ ലോക പൈതൃക കേന്ദ്രവും.
മൂന്നു മീറ്ററോളം നീളവും നൂറു കിലോയിലധികം തൂക്കവും വരുന്ന ഈ ഭീമൻ പല്ലികൾ മാംസഭുക്കുകളാണ്. പൊതുവെ ചീഞ്ഞ മാംസമാണ് ഇവ ഭക്ഷിക്കുന്നതെങ്കിലും വേണ്ടി വന്നാൽ മൃഗങ്ങളെ ആക്രമിച്ച് ഇര തേടാനും ഇവ മടിക്കാറില്ല. മാനുകളേയും മറ്റ് മൃഗങ്ങളേയുമൊക്കെ ഇവ ഭക്ഷണമാക്കാറുണ്ട്.ശക്തിയുള്ള വാലുപയോഗിച്ച് ഇരകളെ ഒറ്റയടിക്ക് ഇവ തീർത്തു കളയും. കേൾവി ശക്തി വളരെ കുറവാണെങ്കിലും മണം പിടിക്കാനുള്ള അതിശയകരമായ കഴിവുണ്ട് കൊമൊഡോ ഡ്രാഗണുകൾക്ക്. പത്തുകിലോമീറ്ററോളം ദൂരെ മുറിവേറ്റ മൃഗമോ ശവങ്ങളോ ഉണ്ടെങ്കിൽ ഇവ മണം പിടിച്ച് കണ്ടെത്തും.
കൊമൊഡോയുടെ മറ്റൊരു പ്രത്യേകത സ്വന്തം വർഗത്തിൽ പെട്ടവ ചത്താൽ ആ ശവവും തിന്നുമെന്നതാണ്. പക്ഷിക്കൂടുകളിൽ മുട്ട ഒളിപ്പിച്ചുവയ്ക്കുകയും ചെറിയ കുട്ടികളെ മരത്തിൽ കയറ്റി വയ്ക്കുകയും ചെയ്യും. ഇല്ലെങ്കിൽ മുതിർന്ന കൊമൊഡോകൾ ഇവയെ ആഹാരമാക്കും. ഇടത്തരം ജീവി വർഗ്ഗത്തെ കിട്ടാത്തതു കാരണം കൊമൊഡോയുടെ ആഹാരത്തിൽ പത്തു ശതമാനം സ്വന്തം കുഞ്ഞുങ്ങൾ തന്നെയാണ്.ഒരു ആടിനെ വിഴുങ്ങാൻ അരമണിക്കൂറൊക്കെ എടുക്കുന്ന കൊമൊഡോ വിഴുങ്ങൽ വേഗത്തിലാക്കാൻ മരത്തിൽ ഇടിക്കുന്ന പതിവുണ്ട്. ഇടിക്കുന്നതിന്റെ ശക്തി കൊണ്ട് ചെറിയ മരങ്ങളൊക്കെ കടപുഴകി വീഴുന്നതും സാധാരണമാണ്. മെല്ലെയുള്ള പോഷണ സ്വാംശീകരണം മൂലം ഇവയ്ക്ക് വർഷത്തിൽ വെറും 12 പ്രാവശ്യം ഭക്ഷണം കഴിച്ചാൽ മതിയാവും.
കറുപ്പ് , ഓറഞ്ച് , നീല , പച്ച നിറങ്ങളിലുള്ള കൊമൊഡോ ഡ്രാഗണുകളെ പൊതുവെ കണ്ടു വരാറുണ്ട്. മണിക്കൂറിൽ 20 കിലോമീറ്റർ വേഗതയിൽ ഓടാനുള്ള കഴിവും ഇവയ്ക്കുണ്ട്. പ്രത്യുത്പാദനത്തിൽ എസെക്ഷ്വൽ റീപ്രൊഡക്ഷൻ എന്ന് പ്രത്യേകതയുള്ള വർഗ്ഗമാണിവ. കുട്ടികളുണ്ടാക്കാൻ ഇവയ്ക്ക് എതിർ ലിംഗത്തിന്റെ ആവശ്യമില്ല. അതേസമയം സെക്ഷ്വൽ റീപ്രൊഡക്ഷൻ വഴിയും ഇവയ്ക്ക് പ്രത്യത്പാദനം നടത്താൻ കഴിയും.
മുതുമുത്തശ്ശന്മാർ ലോകം ഞെട്ടിച്ചവരാണെന്നൊക്കെ പറയാമെങ്കിലും ഭൂമിയിലിന്ന് ആകെ അയ്യായിരത്തോളം കൊമൊഡോ ഡ്രാഗണുകളാണ് അവശേഷിക്കുന്നത് . മനുഷ്യർ വേട്ടയാടുന്നതും ആവാസ വ്യവസ്ഥയിലെ പ്രതിസന്ധികളുമാണ് കൊമൊഡോയുടെ വംശനാശത്തിന് കാരണമായത്. നിലവിൽ നിയമം മൂലം ഇവയ്ക്ക് സംരക്ഷണം നൽകുന്നുണ്ട്. അതുകൊണ്ട് തന്നെ ജന്തുവർഗത്തിലെ ഈ രാക്ഷസപ്പല്ലി വരും തലമുറകളെ അത്ഭുതപ്പെടുത്തിക്കൊണ്ട് കുറെ നാൾ കൂടി ഈ ഭൂമിയിൽ കണ്ടേക്കാം. അല്ലെങ്കിൽ അങ്ങനെ നമുക്ക് പ്രത്യാശിക്കാം.
Discussion about this post