ജി-20 ഉച്ചകോടിയ്ക്ക് മുൻപായ ഉഭയകക്ഷി ചർച്ചകളുടെ ഭാഗമായി പ്രധാനമന്ത്രി ഇന്ന് വിദേശപര്യടനം ആരംഭിച്ചിരിക്കുകയാണ്. അമേരിക്കയിലേക്കാണ് ആദ്യ യാത്ര. ‘നിങ്ങളെനിക്ക് വലിയ തലവേദനയാണ്, ജനകീയതയിൽ അസൂയ തോന്നുന്നുവെന്ന് പരാതിപ്പെട്ട ജോ ബൈഡനാണ് മോദിയുടെ വിദേശപര്യടനത്തിന് ആദ്യം സ്വീകരണം നൽകുന്നത്. ഏറെ പ്രത്യേകതകൾ നിറഞ്ഞതാണ് പ്രധാനമന്ത്രിയുടെ ഇത്തവണത്തെ അമേരിക്കൻ സന്ദർശനം. 2014ൽ ആദ്യമായി പ്രധാനമന്ത്രിയായതിന് ശേഷം കഴിഞ്ഞ ഒമ്പത് വർഷങ്ങൾക്കിടയിൽ ആറുതവണയോളം നരേന്ദ്ര മോദി അമേരിക്കയിത്തിയിട്ടുണ്ടെങ്കിലും, ഈ തവണത്തെ സന്ദർശനത്തിനായി വിപുലമായ ചടങ്ങുകളാണ് യുഎസ് സംഘടിപ്പിച്ചിട്ടുള്ളത്. മോദിയുടെ ആദ്യ ഔദ്യോഗിക ‘സ്റ്റേറ്റ്’ സന്ദർശനമാണ് നടക്കാനിരിക്കുന്നത് എന്നതാണിതിന് കാരണം.
സൗഹൃദപരമായ ഉഭയകക്ഷി ബന്ധത്തിന്റെ ഏറ്റവും ഉയർന്ന തലമായിട്ടാണ് സ്റ്റേറ്റ് സന്ദർശനം കണക്കാക്കപ്പെടുന്നത്. അമേരിക്ക മറ്റൊരു രാഷ്ട്രത്തലവന് നൽകുന്ന വലിയ അംഗീകാരത്തിന്റെയും ആദരവിന്റേയും അടയാളമാണിത്. നൂറ്റി നാൽപത് കോടി ഇന്ത്യക്കാരെയും സാക്ഷിയാക്കി വരും ദിവസങ്ങളിൽ മോദി ആ ആദരവ് ഏറ്റുവാങ്ങും.
ഒരു രാഷ്ട്രത്തലവൻ മറ്റൊരു രാഷ്ട്രത്തലവനെ തന്റെ ഔദ്യോഗിക വസതിയിലേക്ക് ക്ഷണിക്കുന്നതാണ് സ്‌റ്റേറ്റ് വിസിറ്റ്. അമേരിക്കയുടെ കാര്യത്തിൽ പ്രസിഡന്റിന്റെ വസതിയായ വൈറ്റ് ഹൗസാണ് മറ്റ് രാഷ്ട്രതലവൻമാരെ ഇത്തരത്തിൽ ക്ഷണിക്കുന്നത്. ഏറ്റവും അടുത്ത സുഹൃത്തുക്കൾക്കും സഖ്യകക്ഷികൾക്കും അമേരിക്ക നൽകുന്ന ബഹുമാനം കൂടിയാണ് ഈ ക്ഷണം. അമേരിക്കൻ നയതന്ത്ര നയമനുസരിച്ച്, പ്രസിഡന്റിന് നാല് വർഷത്തിൽ ഒരിക്കൽ മാത്രമാണ് ഏതെങ്കിലും ഒരു രാജ്യത്തെ സ്റ്റേറ്റ് സന്ദർശനത്തിനായി ക്ഷണിക്കാൻ സാധിക്കൂ. അതായത് ഒരു അമേരിക്കൻ പ്രസിഡന്റിന്റെ കാലാവധിക്കുള്ളിൽ രാജ്യത്ത് ഇത്തരത്തിൽ സന്ദർശനം നടത്താൻ ക്ഷണം ലഭിക്കുക ഒരു രാഷ്ട്രത്തലവന് മാത്രമായിരിക്കും. അതിനായി ഇത്തവണ അമേരിക്ക ഇന്ത്യയെ തിരഞ്ഞെടുത്തു എന്നുള്ളതാണ് ഈ നിമിഷത്തെ ലോകം മുഴുവൻ ഉറ്റ് നോക്കുന്നതിനുള്ള പ്രധാന കാരണം. സ്‌റ്റേറ്റ് വിസിറ്റിന് സാധാരണയായി രാഷ്ട്രത്തലവൻമാരെ അതായത് പ്രസിഡന്റിനെയാണ് ക്ഷണിക്കാറുള്ളത്, എന്നാൽ അമേരിക്ക, മോദിയെ പ്രത്യേകം സ്റ്റേറ്റ് വിസിറ്റിന് ക്ഷണിക്കുകയായിരുന്നു.
ആറ് മാസത്തോളം സമയമെടുത്താണ് വൈറ്റ് ഹൗസ് സ്റ്റേറ്റ് വിസിറ്റ് ആസൂത്രണം ചെയ്യുന്നത്. അത്താഴ വിരുന്നിൽ ഏതൊക്കെ ഭക്ഷണങ്ങൾ വേണമെന്ന ചർച്ച പോലും മാസങ്ങൾക്ക് മുമ്പ് ആരംഭിക്കും. സ്റ്റേറ്റ് സന്ദർശനം എന്നത് കുറച്ച് ദിവസങ്ങൾ നീണ്ടുനിൽക്കുന്ന വിപുലമായ ചടങ്ങാണ്. 22 ന് വാഷിംഗ്ടൺ ഡിസിയിലെ വൈറ്റ് ഹൗസിൽ നടക്കുന്ന ചരിത്രപരമായ സ്റ്റേറ്റ് ഡിന്നറിൽ പ്രസിഡന്റ് ബൈഡനും പ്രഥമ വനിത ജിൽ ബൈഡനും ചേർന്ന് ഇന്ത്യൻ പ്രധാനമന്ത്രിക്ക് വിരുന്നൊരുക്കും. ഇതിന് പുറമെ, ഈ ചടങ്ങുകളിൽ നയതന്ത്ര സമ്മാനങ്ങളുടെ കൈമാറ്റം, ബ്ലെയർ ഹൗസ് എന്ന് വിളിക്കപ്പെടുന്ന പ്രസിഡന്റിന്റെ ഗസ്റ്റ് ഹൗസിൽ താമസിക്കാനുള്ള ക്ഷണം, വിമാനം ഇറങ്ങിയതിന് ശേഷം ടാർമാക്കിൽ ഫ്‌ലൈറ്റ്-ലൈൻ സ്വാഗതം, 21 ഗൺ സല്യൂട്ട്, ഫ്‌ളാഗ് സ്ട്രീറ്റ് ലൈനിംഗ് ചടങ്ങ് എന്നിവ ഉൾപ്പെടുന്നു.
വൈറ്റ് ഹൗസിലെ സൗത്ത് ലോണിൽ 7,000-ത്തിലധികം ഇന്ത്യൻ-അമേരിക്കൻ പൗരന്മാരുടെ സാന്നിധ്യത്തിൽ 21 ഗൺ സല്യൂട്ട് നൽകി പ്രസിഡന്റ് ജോ ബൈഡൻ നരേന്ദ്ര മോദിയെ സ്വാഗതം ചെയ്യുന്നതോടെയാണ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക സ്റ്റേറ്റ് സന്ദർശനം ആരംഭിക്കുന്നത്. തുടർന്ന് ഇരു നേതാക്കളും ഉഭയകക്ഷി യോഗത്തിന് ശേഷം പ്രതിനിധി ചർച്ചകൾക്കും സംയുക്ത പത്ര സമ്മേളനത്തിനും നേതൃത്വം നൽകും.
Discussion about this post