ചെന്നൈ: തമിഴ്‌നാട്ടിൽ കളക്കാട് മുണ്ടൻതുറൈ കടുവ സങ്കേതത്തിൽ കഴിയുന്ന അരിക്കൊമ്പൻ ക്ഷീണിതനാണെന്ന് മൃഗസ്‌നേഹികൾ. തമിഴ്‌നാട് വനം വകുപ്പ് ചിത്രങ്ങൾ പുറത്ത് വിട്ടതിന് പിന്നാലെയാണ് ആരോപണവുമായി മൃഗസ്‌നേഹികൾ രംഗത്തെത്തിയത്. എന്നാൽ വാദങ്ങൾ അടിസ്ഥാനരഹിതമാണെന്നും അരിക്കൊമ്പൻ പൂർണ ആരോഗ്യവാനാണെന്നും തമിഴ്‌നാട് വനംവകുപ്പ് പറയുന്നു. കോതയാർ വനമേഖലയിൽ തുറന്നുവിട്ട ശേഷം അരിക്കൊമ്പന്റെ ദൃശ്യങ്ങളും ചിത്രങ്ങളും മൂന്ന് തവണയാണ് തമിഴ്‌നാട് വനംവകുപ്പ് ഇതുവരെ പുറത്ത് വിട്ടിട്ടുള്ളത്.
അരിക്കൊകൊമ്പൻ തീറ്റയെടുക്കുന്നതും വെള്ളം കുടിക്കുന്നതുമായ ചിത്രങ്ങളായിരുന്നു ഇവ. പുതിയ സ്ഥലവുമായ അരിക്കൊമ്പൻ വേഗത്തിൽ ഇണങ്ങി എന്ന് പറഞ്ഞുകൊണ്ടാണ് ചിത്രങ്ങൾ പുറത്ത് വിട്ടത്. എന്നാൽ ആന തീർത്തും ക്ഷീണിതനാണെന്നാണ് വ്യക്തമാകുന്നതെന്ന് മൃഗസ്‌നേഹികളും ആനപ്രേമികളുടെ സംഘടനയും വാദിക്കുന്നു.
ആനയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ പുറത്ത് വിടാൻ തമിഴ്‌നാട് വനംവകുപ്പ് തയ്യറാകണമെന്നും ആവശ്യമുയർന്നിട്ടുണ്ട്. നേരത്തെ ദിവസവും പത്ത് കിലോമീറ്ററിലധികം സഞ്ചരിച്ചിരുന്ന അരിക്കൊമ്പൻ ഇപ്പോൾ മൂന്ന് കിലോമീറ്റർ ദൂരം മാത്രമാണ് സഞ്ചരിക്കുന്നത്. ആനയ്ക്ക് കൃത്യമായ ചികിത്സ നൽകാൻ തമിഴ്‌നാട് സർക്കാർ ഇടപെടണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്. അരിക്കൊമ്പൻ കാടിന് പുറത്തേക്ക് വരാതിരിക്കാൻ കൃത്യമായി നിരീക്ഷിക്കാൻ പ്രത്യേക സംഘത്തേയും ചുമതലപ്പെടുത്തിയിട്ടുണ്ട്.
Discussion about this post