ന്യൂയോർക്ക് : ഇന്ത്യയുടെ സുവർണ നാളുകളാണ് ഇപ്പോഴെന്ന് ശതകോടീശ്വരനും നിക്ഷേപകനുമായ റേ ഡാലിയോ. ഇന്ത്യയുടെ സാധ്യതകൾ അനന്തമാണ്. ഇന്ന് ഇന്ത്യയ്ക്ക് ലോകത്ത് ഒരുപാട് മാറ്റങ്ങൾ വരുത്താൻ സാധിക്കും. ഇന്ത്യയുടെ സുവർണ്ണ കാലഘട്ടത്തിൽ ഉയർന്നുവന്ന മനുഷ്യനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്നും അദ്ദേഹം പറഞ്ഞു. മോദിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് റേ ഡാലിയോ ഇന്ത്യയെ പ്രശംസിച്ചത്.
ഇന്ത്യയുടെ വികസനത്തിന്റെ കാര്യത്തിലും വരാനിരിക്കുന്ന പരിവർത്തനങ്ങളിലും മോദിയുടെ ഭരണം പ്രധാനമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നിരവധി അവസരങ്ങൾ സൃഷ്ടിക്കപ്പെടുന്ന ഒരു ഘട്ടത്തിലാണ് രാജ്യമിപ്പോഴുള്ളത്. ഇന്ത്യയുടെ സുവർണ്ണ കാലഘട്ടത്തിലാണ് നരേന്ദ്ര മോദി പ്രധാനമന്ത്രി സ്ഥാനത്ത് എത്തിയത് എന്ന് ആഗോള തലത്തിൽ രാജ്യത്തിന്റെ ഉയർച്ചയിലുള്ള തന്റെ ആത്മവിശ്വാസത്തെ സൂചിപ്പിച്ചുകൊണ്ട് ഡാലിയോ പറഞ്ഞു.
വലിയ മാറ്റങ്ങൾ വരുത്താൻ ശേഷിയുള്ള ഒരു ‘പരിഷ്‌കർത്താവ്’ ആണ് നരേന്ദ്ര മോദിയെന്ന് ഡാലിയോ പ്രശംസിച്ചു. ‘ഇന്ത്യയുടെ സാധ്യതകൾ വളരെ വലുതാണ്, നിങ്ങൾക്ക് ഇപ്പോൾ ഒരു പരിഷ്‌കർത്താവുണ്ട്. അതിനെ രൂപാന്തരപ്പെടുത്താനുള്ള കഴിവും ജനപ്രീതിയുമുള്ള ഒരു പരിഷ്‌കർത്താവ്.’ അദ്ദേഹം പറഞ്ഞു.
ഇന്ത്യയിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും അത് ലോകത്തെ തന്നെ ഞെട്ടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡാലിയോയുമായുള്ള കൂടിക്കാഴ്ചയിൽ, രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനായി സർക്കാർ സ്വീകരിച്ച പരിഷ്‌കാരങ്ങൾ പ്രധാനമന്ത്രി വ്യക്തമാക്കി. ‘എന്റെ സുഹൃത്തും, എഴുത്തുകാരനും നിക്ഷേപകനുമായ റേ ഡാലിയോയുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യയിൽ നിക്ഷേപം കൂടുതൽ ആഴത്തിലാക്കാൻ അദ്ദേഹവുമായി ചർച്ച ചെയ്യുകയും സർക്കാരിന്റെ നവീകരണത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്തു,’ പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. ഇന്ത്യയിൽ കൂടുതൽ നിക്ഷേപത്തിനായി ഡാലിയോയെ പ്രധാനമന്ത്രി ക്ഷണിച്ചതായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
Discussion about this post