ബംഗളൂരു : ചിരവൈരികളായ പാകിസ്താനെ 4-0 ന് പരാജയപ്പെടുത്തി ഇന്ത്യ. സാഫ് കപ്പിലാണ് പാകിസ്താന് കനത്ത പ്രഹരം നൽകി ഇന്ത്യ വിജയം നേടിയത്. ക്യാപ്ടൻ സുനിൽ ഛേത്രിയുടെ ഹാട്രിക്കാണ് ഇന്ത്യ വിജയത്തിൽ നിർണായകമായത്. വിജയത്തോടെ ഗ്രൂപ്പ് എ യിൽ ഇന്ത്യ ഒന്നാമതെത്തി.
മത്സരത്തിന്റെ ആദ്യ മിനുട്ട് തൊട്ട് ആക്രമണം അഴിച്ചു വിട്ട ഇന്ത്യ പാകിസ്താനെ നിലം തൊടാൻ അനുവദിച്ചില്ല. പത്താം മിനുട്ടിൽ തന്നെ ഇന്ത്യ ആദ്യ ഗോൾ നേടി. മൈനസ് പാസ് സ്വീകരിച്ച പാക് ഗോൾ കീപ്പർ സാഖിബിനടുത്തേക്ക് ഓടിയെത്തിയ സുനിൽ ഛേത്രി പന്ത് കാലിൽ കൊരുത്ത് പോസ്റ്റിലേക്ക് നിറയൊഴിച്ചു. 1-0
ബോക്സിനുള്ളിൽ വച്ച് പാക് പ്രതിരോധ താരത്തിന്റെ കയ്യിൽ പന്ത് തട്ടിയതോടെ ഇന്ത്യക്ക് അനുകൂലമായി പെനാൽട്ടി ലഭിച്ചു. ക്യാപ്ടൻ തന്നെയായിരുന്നു കിക്കെടുത്തത്. പിഴയ്ക്കാത്ത ഷോട്ട് പാക് വലയിൽ . സ്കോർ 2-0. ഇതിനിടയിൽ ഇന്ത്യൻ പരിശീലകൻ ഇഗോർ സ്റ്റിമാച്ചും പാക് താരങ്ങളും തമ്മിൽ സംഘർഷമുണ്ടായതോടെ ഇന്ത്യൻ പരിശീലകന് റഫറി ചുവപ്പ് കാർഡും നൽകി.
73 -)0 മിനിട്ടിൽ ഇന്ത്യക്ക് അനുകൂലമായി പെനാൽറ്റി വീണ്ടും ലഭിച്ചു. ബോക്സിൽ വെച്ച് സുനിൽ ഛേത്രിയെ ഫൗൾ ചെയ്തതിനായിരുന്നു പെനാൽട്ടി വിധിച്ചത്. ഛേത്രി തന്നെ കിക്കെടുത്തു. പാക് വല വീണ്ടും കുലുങ്ങി. ഛേത്രിക്ക് ഹാട്രിക്ക്. സ്കോർ 3-0. 81-)0 മിനുട്ടിൽ അൻവർ അലിയുടെ അതിമനോഹരമായ ലോംഗ് പാസ് സ്വീകരിച്ച് ഉദാന്ത സിംഗ് തൊടുത്ത ഷോട്ട് പാക് വല കുലുക്കിയതോടെ ഇന്ത്യ ആധികാരികമായി വിജയത്തോടടുക്കുകയായിരുന്നു.
Discussion about this post