കാനഡ: അറ്റ്‌ലാന്റിക് സമുദ്രത്തിൽ വച്ച് കാണാതായ അന്തർവാഹിനിയായ ടൈറ്റൻ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുന്നു. കടലിനടിയിൽ നിന്ന് ശബ്ദതരംഗങ്ങൾ കിട്ടിയതായി സൂചനയുണ്ട്. ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ കാണാനുള്ള സമുദ്രയാത്രയ്ക്കിടെയാണ് പേടകം കാണാതാകുന്നത്. അഞ്ച് പേരാണ് പേടകത്തിലുള്ളത്. ഇതിൽ കുടുങ്ങിയവർക്ക് ഇന്ന് ഉച്ച വരെ അതിജീവിക്കുന്നതിനുള്ള ഓക്‌സിജൻ മാത്രമാണ് ഇതിലുള്ളത്.
പേടകം കണ്ടെത്തിയാലും രക്ഷാപ്രവർത്തനം അതീവ ദുഷ്‌കരമായിരിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്. പേടകം ജലോപരിതലത്തിലേക്ക് ഉയർത്തുന്നതിനായി പൈലറ്റ് ഭാരം കുറയ്ക്കാനുള്ള ശ്രമങ്ങൾ നടത്തിയിട്ടുണ്ടാകുമെന്നും അങ്ങനെ ഉയർന്നുവന്നാൽ തന്നെ ആശയവിനിമയ സംവിധാനം നഷ്ടമായ ടൈറ്റൻ കണ്ടെത്തുക പ്രയാസമാണെന്നുമാണ് ലണ്ടൻ യൂണിവേഴ്‌സിറ്റി കോളേജ് മറൈൻ എഞ്ചിനീയറിംഗ് പ്രൊഫസർ അലിസ്റ്റെയർ ഗ്രേഗ് പറഞ്ഞു.
നിലവിൽ രണ്ട് മൈലോളം ആഴത്തിലാണ് പേടകം ഉള്ളതെന്നാണ് കണ്ടെത്തിയിരിക്കുന്നത് പേടകം പുറത്തുനിന്ന് ബോൾട്ട് ഉപയോഗിച്ച് അടയ്ക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ പുറത്ത് നിന്ന് തുറക്കാതെ യാത്രക്കാർക്ക് പുറത്തിറങ്ങാനാകില്ല. ഞായറാഴ്ച ഉച്ചയ്ക്ക് 3.30ഓടെയാണ് മാതൃപേടകമായ പോളാർ പ്രിൻസ് കപ്പലുമായി ടൈറ്റന് ആശയവിനിമയം നഷ്ടമാകുന്നത്. നാല് ദിവസത്തേക്കുള്ള ഓക്‌സിജനാണ് പേടകത്തിനുള്ളിൽ സംഭരിച്ചിട്ടുള്ളത്.
ദുബായിലെ ബ്രിട്ടിഷ് വ്യവസായിയും ആക്ഷൻ ഏവിയേഷൻ കമ്പനിയുടെ ചെയർമാനുമായ ഹാമിഷ് ഹാർഡിങ്, പാക്കിസ്താനിലെ കറാച്ചി ആസ്ഥാനമായ ബഹുരാഷ്ട്രകമ്പനി എൻഗ്രോയുടെ വൈസ് ചെയർമാനും ശതകോടീശ്വരനായ ഷഹ്‌സാദ ദാവൂദ്, മകൻ സുലൈമാൻ, പേടകത്തിന്റെ പൈലറ്റ് ഫ്രഞ്ച് പൗരൻ പോൾ ഹെൻറി നാർസലേ, ഓഷൻ ഗേറ്റ് കമ്പനിയുടെ സ്ഥാപകനും സിഇഒയുമായ സ്റ്റോക്ടൻ റഷ് എന്നിവരാണു പേടകത്തിനുള്ളിലുള്ളത്.
Discussion about this post