കാസർകോഡ്; പാർട്ടി പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ ലോക്കൽ സെക്രട്ടറിയെ പുറത്താക്കി സിപിഎം. കാസർകോഡ് കോടോം ലോക്കൽ സെക്രട്ടറി കെവി കേളുവിനെയാണ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയത്. പാർട്ടിയെ പ്രവർത്തകയോ ഫോണിൽ വിളിച്ച് അശ്ലീലം പറയുകയും സന്ദേശം അയക്കുകയും ചെയ്ത കുറ്റത്തിനാണ് നടപടി.
ഫോണിൽ റെക്കോഡ് ചെയ്ത ഇയാളുടെ സംഭാഷണമുൾപ്പെടെയാണ് സിപിഎം പ്രവർത്തകയായ യുവതി പാർട്ടിയുടെ മേൽക്കമ്മിറ്റിക്ക് പരാതി നൽകിയത്. ഇതിനുശേഷം കേളു ഭീഷണിപ്പെടുത്തിയതിന്റെ വീഡിയോയും ഇവർ പാർട്ടി നേതൃത്വത്തിന് കൈമാറിയതോടെയാണ് നടപടി എടുത്തത്.
ജില്ലാ സെക്രട്ടേറിയറ്റംഗം സാബു ഏബ്രഹാം പങ്കെടുത്ത അടിയന്തര ലോക്കൽ കമ്മിറ്റി യോഗമാണ് കെ വി കേളുവിനെ പുറത്താക്കിയത്. കെ വി കേളുവിനെ പുറത്താക്കിക്കൊണ്ടുള്ള കീഴ്ക്കമ്മിറ്റിയുടെ തീരുമാനം ജില്ലാ സെക്രട്ടേറിയറ്റ് അംഗീകരിച്ചു. മുൻ ഏരിയാ കമ്മിറ്റിയംഗവും സിഐടിയു നേതാവുമായ ടി ബാബുവിനാണ് ലോക്കൽ സെക്രട്ടറിയുടെ ചുമതല നൽകിയിരിക്കുന്നത്.
നേരത്തെ ആലപ്പുഴയിലെ അശ്ലീല വീഡിയോ വിവാദത്തിലും പാർട്ടി നടപടി എടുത്തിരുന്നു. സിപിഎം ആലപ്പുഴ സൗത്ത് ഏരിയാ കമ്മിറ്റി അംഗമായിരുന്ന എ ഡി ജയനെയാണ് പാർട്ടി 6 മാസത്തേക്ക് സസ്‌പെൻഡ് ചെയ്തത്. സ്ത്രീകളുടെ നഗ്‌ന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിച്ച എ പി സോണയെ മുമ്പ് പാർട്ടിയിൽ നിന്ന് തന്നെ പുറത്താക്കിയിരുന്നു.












