ടൈറ്റൻ സമുദ്രപേടകം തകർന്നതായി സ്ഥിരീകരിച്ച് ഓഷ്യൻഗേറ്റ്. പേടകത്തിലെ യാത്രക്കാർ എല്ലാവരും മരിച്ചതായും സ്ഥിരീകരിച്ചിട്ടുണ്ട്. ദുബായിലെ ബ്രിട്ടിഷ് വ്യവസായിയും ആക്ഷൻ ഏവിയേഷൻ കമ്പനിയുടെ ചെയർമാനുമായ ഹാമിഷ് ഹാർഡിങ്, പാക്കിസ്താനിലെ കറാച്ചി ആസ്ഥാനമായ ബഹുരാഷ്ട്രകമ്പനി എൻഗ്രോയുടെ വൈസ് ചെയർമാനും ശതകോടീശ്വരനായ ഷഹ്സാദ ദാവൂദ്, മകൻ സുലൈമാൻ, പേടകത്തിന്റെ പൈലറ്റ് ഫ്രഞ്ച് പൗരൻ പോൾ ഹെൻറി നാർസലേ, ഓഷൻ ഗേറ്റ് കമ്പനിയുടെ സ്ഥാപകനും സിഇഒയുമായ സ്റ്റോക്ടൻ റഷ് എന്നിവരാണ് മരിച്ചത്. ടൈറ്റാനിക്കിന് സമീപത്ത് നിന്നാണ് ടൈറ്റന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. അമേരിക്കൻ കോസ്റ്റ് ഗാർഡ് ആണ് തകർന്ന പേടകം കണ്ടെത്തിയത്.
പേടകത്തിന്റെ മുൻഭാഗം ഉൾപ്പെടെയുള്ള ഭാഗങ്ങളാണ് കണ്ടെത്തിയത്. സമ്മർദ്ദത്തിൽ പേടകം പൊട്ടിത്തെറിച്ചതായാണ് നിഗമനം. കടലിന്റെ അടിത്തട്ടിലുള്ള തിരച്ചിൽ തുടരുമെന്നും അപകടത്തെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ ഇതുവഴി ലഭ്യമാകുമെന്നാണ് പ്രതീക്ഷയെന്നും കോസ്റ്റ്ഗാർഡ് അറിയിച്ചു. ടൈറ്റന്റെ പിൻഭാഗത്തുള്ള കോൺ ആകൃതിയിലുള്ള ഭാഗമാണ് ആദ്യം കണ്ടെത്തിയത്. പിന്നീട് കൂടുതൽ അവശിഷ്ടങ്ങൾ ലഭിക്കുകയായിരുന്നു.
സമുദ്രോപരിതലത്തിൽ നിന്ന് നാല് കിലോമീറ്റർ താഴെയാണ് ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ ഉള്ളത്. ടൈറ്റാനിക്ക് കാണാൻ പോയ സംഘം ഞായറാഴ്ചയോടെ അപകടത്തിൽ പെടുകയായിരുന്നു. മദർഷിപ്പുമായി ടൈറ്റന്റെ ബന്ധം നഷ്ടപ്പെടുകയായിരുന്നു. ഉച്ചയ്ക്ക് 3.30ഓടെയാണ് മദർഷിപ്പായ പോളാർ പ്രിൻസ് ഗേറ്റുമായി ടൈറ്റന്റെ ബന്ധം നഷ്ടമാകുന്നത്. അടിത്തട്ടിലെ കൂടിയ മർദ്ദവും തണുപ്പും കാലാവസ്ഥാ സ്ഥിതിയും രക്ഷാപ്രവർത്തനത്തിന് തടസ്സമാവുകയായിരുന്നുവെന്നും അധികൃതർ പറയുന്നു
Discussion about this post