ശ്രീനഗർ : 2024 ൽ 300 സീറ്റുകൾ നേടി ബിജെപി സർക്കാർ രൂപീകരിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പ്രതിപക്ഷ യോഗത്തിന് എത്ര പാർട്ടികൾ വന്നാലും അവർക്ക് ഒരിക്കലും ഒന്നിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. ജമ്മു കശ്മീരിൽ നടന്ന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
”പട്‌നയിൽ ഇപ്പോൾ ഫോട്ടോ സെഷനാണ് നടക്കുന്നത്. പ്രതിപക്ഷ പാർട്ടികൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിക്കുകയാണ്. എന്നാൽ 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ 300 ലധികം സീറ്റുകൾ നേടിക്കൊണ്ട് നരേന്ദ്ര മോദി വീണ്ടും സർക്കാർ രൂപീകരിക്കുമെന്ന് പറയാൻ ആഗ്രഹിക്കുന്നു” അമിത് ഷാ പറഞ്ഞു.
2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഭാരതീയ ജനതാ പാർട്ടിയെ (ബിജെപി) നേരിടാൻ പ്രതിപക്ഷ ഐക്യം രൂപീകരിക്കുകയെന്ന ലക്ഷ്യത്തോടെ ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ആതിഥേയത്വം വഹിച്ച പ്രതിപക്ഷ നേതാക്കളുടെ യോഗം ഇന്ന് പട്നയിൽ വെച്ചാണ് നടന്നത്. നിതീഷ് കുമാറിന്റെ ഔദ്യോഗിക വസതിയിൽ നടന്ന യോഗത്തിൽ പതിനഞ്ചിലധികം പ്രതിപക്ഷ പാർട്ടികൾ പങ്കെടുത്തു.
നാല് മണിക്കൂർ നീണ്ട യോഗത്തിൽ 2024 ലെ തിരഞ്ഞെടുപ്പിൽ ബിജെപിയെ ഒന്നിച്ച് നേരിടാനാണ് തീരുമാനമെടുത്തത്. ജൂലൈ രണ്ടാംവാരം ഹിമാചലിലെ ഷിംലയിൽ വെച്ച് അടുത്ത യോഗം ചേരാനും നിശ്ചയിച്ചിട്ടുണ്ട്. അടുത്ത യോഗത്തിൽ തിരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട നിലപാടകൾ സംബന്ധിച്ചും സീറ്റുകൾ സംബന്ധിച്ചും തീരുമാനമുണ്ടാകുമെന്ന് നിതീഷ് കുമാർ വ്യക്തമാക്കി.
Discussion about this post