വാഷിംഗ്ടൺ: ഇന്ത്യയിൽ നിന്ന് മോഷ്ടിക്കപ്പെട്ട് അമേരിക്കയിലെത്തിയ നൂറിലധികം പുരാവസ്തുക്കൾ ഇന്ത്യക്ക് മടക്കി നൽകാനൊരുങ്ങി യുഎസ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്‌റ്റേറ്റ് വിസിറ്റിന് പിന്നാലെയാണ് അമേരിക്കൻ ഗവൺമെന്റ് ഈ സുപ്രധാന തീരുമാനം കെക്കൊണ്ടത്.
നമ്മുടെ പക്കൽനിന്ന് കവർച്ച ചെയ്യപ്പെട്ട നൂറിലധികം പുരാവസ്തുക്കൾ ഇന്ത്യക്ക് മടക്കിത്തരാനുള്ള അമേരിക്കൻ സർക്കാരിന്റെ തീരുമാനത്തിൽ താൻ സന്തോഷവാനാണെന്ന് മോദി പറഞ്ഞു. ഈ പുരാവസ്തുക്കൾ അന്താരാഷ്ട്ര വിപണിയിൽ എത്തിച്ചേർന്നിരുന്നെന്നും പുരാവസ്തുക്കൾ മടക്കിത്തരാനുള്ള തീരുമാനത്തിന് അമേരിക്കൻ സർക്കാരിനോട് നന്ദി അറിയിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. ശരിയായതോ തെറ്റായതോ ആയ വഴികളിലൂടെയാണ് ഇന്ത്യൻ പുരാവസ്തുക്കൾ അന്താരാഷ്ട്ര വിപണിയിലെത്തിയത്. എന്നാൽ, അത് തിരിച്ചുതരാനുള്ള അമേരിക്കയുടെ തീരുമാനം ഇരു രാജ്യങ്ങളും തമ്മിലുള്ള വൈകാരിക അടുപ്പത്തെയാണ് കാണിക്കുന്നതെന്നും നരേന്ദ്ര മോദി പറഞ്ഞു. 2022-ൽ 307 പുരാവസ്തുക്കൾ അമേരിക്കൻ സർക്കാർ ഇന്ത്യയ്ക്ക് മടക്കി നൽകിയിരുന്നു.
തമിഴ്നാട്ടിലെ ക്ഷേത്രങ്ങളിൽ നിന്ന് മോഷ്ടിക്കപ്പെട്ടെന്ന് കരുതുന്ന ഒരു ഡസനിലേറെ പുരാതന വിഗ്രഹങ്ങൾ ഇക്കൂട്ടത്തിലുണ്ടായിരുന്നു. യു.എസ് മടക്കി നൽകിയ പുരാവസ്തുക്കളിൽ 235 എണ്ണം നിലവിൽ തമിഴ്നാട്ടിലെ ജയിലിൽ കഴിയുന്ന സുഭാഷ് കപൂർ എന്ന കള്ളക്കടത്തുകാരൻ മുമ്പ് ഇന്ത്യയിൽ നിന്ന് കടത്തിയവയാണ്.








