കൊച്ചി: കൊക്കൈന്‍ കേസിന്റെ അന്വേഷണം നേതൃത്വം നല്കിയ കൊച്ചി ഡപ്യൂട്ടി കമ്മീഷണറും യുവ ഐപിഎസ് ഉദ്യോഗസ്ഥയുമായ നിശാന്തിനിയുടെ സ്ഥലം മാറ്റം ഉന്നത ഇടപെടലിന്റെയും സമര്‍ദ്ദത്തിന്റെയും ഭാഗമായാണെന്നാണ് ആരോപണം. മലയാള സിനിമയിലെ ഒരു സൂപ്പര്‍താരവും കൊച്ചിയിലെ ജനപ്രതിനിധിയായ ഒരു രാഷ്ട്രീയ പ്രമുഖനും ചേര്‍ന്ന് നടത്തിയ ഇടപെടലുകളുടെ ഭാഗമായാണ് നിശാന്തിനിയെ ഈ കേസിന്റെ അന്വേഷണത്തില്‍ നിന്ന് മാറ്റാന്‍ ഇടയാക്കിയതെന്നാണ് വിവരം.
വിവാദ വ്യവസായി നിഷാമിന്റെ പേരിലുള്ള കടവന്ത്രയിലെ ഫ്ലാറ്റില്‍ നിന്ന് കൊക്കൈന്‍ പിടിച്ചകേസ് സിനിമരംഗത്തെ ചില പ്രമുഖര്‍ക്ക് എതിരെ നീളാനുള്ള സാധ്യതയാണ് നിശാന്തിനിയുടെ സ്ഥലമാറ്റത്തിന് ഇടയാക്കിയത്. തൃശ്ശൂരിലെ യുവ വ്യവസായി നിഷാമിന് എറണാകുളത്തെ കോണ്‍ഗ്രസ് നേതാവുമായുള്ള ബന്ധവും തിടുക്കത്തിലുള്ള നടപടിയ്ക്ക് ഇടയാക്കി.
തൃശൂര്‍ കമ്മിഷണറായി നിയമിച്ച നിശാന്തിനിയോട് ഉടന്‍ ചുമതലയേല്ക്കാനാണു നിര്‍ദേശം നല്‍കിയിരിക്കുന്നത്.
നേരത്തെ മുതല്‍ മയക്കുമരുന്ന് ലോബികള്‍ക്കെതിരെ കര്‍ശന നിലപാട് സ്വീകരിച്ചിരുന്ന പോലിസ് ഉദ്യോഗസ്ഥയാണ് നിശാന്തിനി. ചില ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്ത നിശാന്തിനി മയക്കുമരുന്ന ്ലോബിയ്ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ ഇവര്‍ കൊച്ചിയില്‍ തുടരുന്നത് അപകടകരമാണെന്നാണ് പലരുടെയും മനസ്സിലിരുപ്പ്.
നേരത്തെ കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലായ ഡ്രീമില്‍ റെയ്ഡ് നടത്തിയപ്പോള്‍ മുതല്‍ മയക്കുമരുന്ന് ലോബിയുടെ നോട്ടപുള്ളിയായി നിശാന്തിനി മാറിയിരുന്നു. ഇതിനു പിന്നാലെയാണ് കൊച്ചിയിലെ ഒരു ആഡംബര നൗകയില്‍ നടത്തിയ മയക്കുമരുന്നുവേട്ടയും ശ്രദ്ധേയമായി.
സ്ഥലം മാറ്റിയ നിശാന്തിനിയ്ക്ക് പകരം കൊച്ചി ഡിസിപിയായി ആരും ചുമതലയേറ്റിട്ടില്ല. കൊക്കൈന്‍ കേസില്‍ സിനിമാ രംഗത്തെ പലരെയും ചോദ്യം ചെയ്യാനുള്ള സാധ്യതയുണ്ടെന്ന വാര്‍ത്ത നേരത്തെ വലിയ ചര്‍ച്ചയായിരുന്നു. ന്യൂ ജനറേഷന് സിനിമക്കാരില്‍ ഒരു വിഭാഗത്തിന് മയക്കുമരുന്ന ലോബിയുമായി ഉള്ള ബന്ധം പുറത്ത് വരാതിരിക്കാന്‍ കൊക്കൈന്‍ കേസ് അട്ടിമറിക്കാന്‍ ഇടയുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. കേസിലെ മുഖ്യപ്രതികള്‍ക്ക് ഗോവയിലെ മയക്കു മരുന്ന ലോബിയുമായുള്ള ബന്ധം കണ്ടെത്താനായില്ല എന്ന നിലപാടില്‍ അന്വേഷണം അവസാനിപ്പിക്കാനാണ് സാധ്യത.
Discussion about this post