ഇംഫാൽ: മണിപ്പൂരിൽ മന്ത്രിയുടെ ഉടമസ്ഥതയിലുള്ള പ്ലാസ്റ്റിക് പൈപ്പുകൾ സൂക്ഷിക്കുന്ന ഗോഡൗൺ അഗ്നിക്കിരയാക്കി കലാപകാരികൾ. മന്ത്രി എൽ സുസിന്ദ്രോ മെയ്തിയുടെ ചിംഗെരാലിൽ ഉള്ള ഗോഡൗണാണ് കലാപകാരികൾ കത്തിച്ചത്. കോടികളുടെ നഷ്ടം സംഭവിച്ചതായി അദ്ദേഹം പ്രതികരിച്ചു.
ഉച്ചയോടെയായിരുന്നു സംഭവം. സംഘടിച്ചെത്തിയ കലാപകാരികൾ ഗോഡൗണിലേക്ക് അതിക്രമിച്ച് കടക്കുകയായിരുന്നു. ഇവരെ കണ്ടതും ഗോഡൗണിൽ ഉണ്ടായ തൊഴിലാളികൾ ഓടി രക്ഷപ്പെട്ടു. അതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. തുടർന്ന് ഗോഡൗണിന് തീയിടുകയായിരുന്നു. ഇതിന് ശേഷം കലാപകാരികൾ പിരിഞ്ഞ് പോയി.
സംഭവം അറിഞ്ഞ് ഫയർഫോഴ്‌സും പോലീസും സ്ഥലത്ത് എത്തി. എന്നാൽ അപ്പോഴേക്കും ഗോഡൗണും സാധനങ്ങളും കത്തിക്കരിഞ്ഞിരുന്നു.
പ്ലാസ്റ്റിക് പൈപ്പുകളും അനുബന്ധ സാമഗ്രികളുമാണ് ഗോഡൗണിൽ സൂക്ഷിച്ചിരുന്നത്. ഇവ പൂർണമായും കത്തി നശിച്ചു.
വെള്ളിയാഴ്ച വൈകീട്ട് മന്ത്രിയുടെ വീട് കത്തിക്കാനും കലാപകാരികൾ ശ്രമിച്ചിരുന്നു. എന്നാൽ പോലീസ് കണ്ണീർവാതകം പ്രയോഗിച്ച് ഇവരെ പോലീസ് പിരിച്ചുവിടുകയായിരുന്നു.
Discussion about this post