ന്യൂഡൽഹി: ഇന്ത്യയിൽ മുസ്ലീം ന്യൂനപക്ഷങ്ങളുടെ സംരക്ഷണത്തെക്കുറിച്ച് മുൻ യുഎസ് പ്രസിഡന്റ് ബറാക്ക് ഒബാമയുടെ അഭിപ്രായത്തിന് കൃത്യമായ മറുപടി നൽകി ഇന്ത്യ. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനാണ് ഒബാമയ്ക്ക് മറുപടിയുമായി രംഗത്തെത്തിയത്്്. യുഎസ് പ്രസിഡന്റായിരിക്കെ ആറ് മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളിൽ ബോംബാക്രമണം നടത്തിയ വ്യക്തിയാണ് ഒബാമയെന്ന് നിർമല സീതാരാമൻ പറഞ്ഞു.
26000 ത്തിലധികം ബോംബുകൾ ഒബാമയുടെ ഭരണകാലത്ത് മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളിൽ വർഷിച്ചിട്ടുണ്ടെന്നാണ് കണക്കുകളെന്ന് നിർമല സീതാരാമൻ ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രിയെന്ന നിലയിൽ മോദിക്ക് ലഭിച്ച 13 പുരസ്‌കാരങ്ങളിൽ ആറെണ്ണം മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളിൽ നിന്നാണെന്നും നിർമല സീതാരാമൻ ചൂണ്ടിക്കാട്ടി.
ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്രമോദി യുഎസ് സന്ദർശനത്തിനെത്തുന്ന അവസരത്തിലെ ഒബാമയുടെ അഭിപ്രായം അതിശയിപ്പിക്കുന്നതാണ്. ഇന്ത്യയിലെ മതസൗഹാർദ്ദത്തെക്കുറിച്ചാണ് ഒബാമ പറഞ്ഞത്. അതുകൊണ്ടു തന്നെ കരുതലോടെയാണ് പ്രതികരിക്കുന്നതെന്നും യുഎസുമായുളള നല്ല ബന്ധമാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും നിർമല സീതാരാമൻ പറഞ്ഞു.
പ്രധാനമന്ത്രി യുഎസിൽ നടത്തിയ വാർത്താസമ്മേളനത്തിൽ തന്നെ എങ്ങനെയാണ് സർക്കാർ എല്ലാവരുടെയും വികസനം ഉറപ്പുവരുത്തുന്നതെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്ന് നിർമല സീതാരാമൻ ചൂണ്ടിക്കാട്ടി. ഇന്ത്യയിൽ ഒരു സമുദായത്തോടും വേർതിരിവില്ലെന്നും പ്രധാനമന്ത്രി വിശദീകരിച്ചതാണ്. എന്നാൽ ഈ ചർച്ചയിൽ പങ്കുചേരുന്ന എല്ലാവരും ചില സംഭവങ്ങൾ പെരുപ്പിച്ച് കാണിക്കുകയാണെന്ന് നിർമല സീതാരാമൻ പറഞ്ഞു.
മോദി -ബൈഡൻ കൂടിക്കാഴ്ചയ്ക്ക് മുൻപ് സിഎൻഎൻ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു ഒബാമയുടെ പരാമർശം. ബൈഡൻ മോദിയെ കാണുകയാണെങ്കിൽ ഇന്ത്യയിലെ മുസ്ലീം ന്യൂനപക്ഷങ്ങളുടെ സുരക്ഷയെക്കുറിച്ച് സൂചിപ്പിക്കണമെന്ന് ആയിരുന്നു ഒബാമ പറഞ്ഞത്.
Discussion about this post