തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനുമായി അടുത്ത ബന്ധമുള്ള ഫാരിസ് അബൂബക്കർ കേരളത്തിലും തമിഴ്‌നാട്ടിലുമായി 1500 ഓളം ഏക്കർ ഭൂമി വാങ്ങിയെന്ന മാദ്ധ്യമപ്രവർത്തകയുടെ വെളിപ്പെടുത്തലിൽ ഉത്തരവാദിത്വപ്പെട്ടവർ മൗനം വെടിയണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. മുഖ്യമന്ത്രിയുടെ അടുത്ത സുഹൃത്തായ വിവാദവ്യവസായി ഫാരീസ് അബൂബക്കറിനെക്കുറിച്ചാണ് ഈ ഗുരുതരമായ ആരോപണം ഉത്തരവാദപ്പെട്ട ഒരു മാദ്ധ്യമപ്രവർത്തക ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. 1500 ഏക്കർ ഭൂമിയിൽ അഞ്ഞൂറേക്കറോളം കേരളത്തിലാണ് കച്ചവടം നടന്നത്. നെൽവയൽ നീർത്തട നിയമങ്ങളെല്ലാം കാറ്റിൽ പറത്തി ഇതിനൊത്താശ ചെയ്തതാരാണെന്ന് പുറത്തുവരണമെന്ന് അദ്ദേഹം പറഞ്ഞു.
ഷെൽ കമ്പനികളിലൂടെ നടത്തുന്ന കള്ളപ്പണ ഇടപാടും റിയൽ എസ്റ്റേറ്റ് ഇടപാടുമാണ് ഇതിലൂടെ പുറത്തുവരുന്നത്. എൺപത്തഞ്ചോളം ഷെൽ കമ്പനികളും അവർ വാങ്ങിക്കൂട്ടിയ ഭൂമിയും സാമ്പത്തിക ഇടപാടുകളുമാണ് പുറത്തുവന്നത്. കർണ്ണാടക ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാറും കേരളമുഖ്യമന്ത്രി പിണറായി വിജയനും സംശയത്തിന്റെ നിഴലിലാണെന്നാണ് വാർത്ത. ഇക്കാര്യത്തെക്കുറിച്ച് ഉത്തരവാദിത്വപ്പെട്ടവർ മൗനം വെടിയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
റിയൽ എസ്റ്റേറ്റ് മുതലാളിമാരുമായി ചേർന്ന് പിണറായി 1,500 ഏക്കറോളം സ്ഥലം തമിഴ്‌നാട്ടിലും കേരളത്തിലും സ്വന്തമാക്കിവെച്ചിട്ടുണ്ടെന്നാണ് ബംഗളൂരുവിലെ മാധ്യമപ്രവർത്തക സന്ധ്യാ രവിശങ്കറിന്റെ ആരോപണം. ഓൺലൈൻ മീഡിയ വഴിയാണ് വെളിപ്പെടുത്തൽ. സമാനമായി മുഖ്യമന്ത്രിയെ സംശയത്തിന്റെ നിഴലിലാക്കുന്ന വെളിപ്പെടുത്തലുകൾ ഇന്നലെ ദേശാഭിമാനി മുൻ അസോസിയേറ്റ് എഡിറ്റർ ജി ശക്തിധരൻ ഫേസ്ബുക്കിലൂടെ പുറത്ത് വിട്ടിരുന്നു. കോടികൾ കൈതോലപ്പായയിൽ പൊതിഞ്ഞ് നിലവിൽ മന്ത്രിയായ വ്യക്തിയുടെ കാറിൽ തിരുവനന്തപുരത്തേക്ക് കൊണ്ടുവന്നുവെന്നായിരുന്നു ആരോപണം
Discussion about this post