ന്യൂഡൽഹി: അമേരിക്കൻ സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്ത് തിരിച്ചെത്തിയതിന് പിന്നാലെ വിമർശനവുമായി ഇടത് പക്ഷം. സിപിഎമ്മും സിപിഐയുമാണ് വിമർശനവുമായി രംഗത്ത് എത്തിയിരിക്കുന്നത്. സാമ്രാജ്യത്വശക്തിയ്ക്ക് കീഴ്‌പ്പെടുന്ന നിലപാടാണ് മോദി സർക്കാർ സ്വീകരിക്കുന്നത് എന്ന് ഇരു പാർട്ടികളും ആരോപിച്ചു.
സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി രാജ്യത്ത് തിരിച്ചെത്തിയതിന് പിന്നാലെ പ്രസ്താവനയിലൂടെയാണ് ഇരു വിഭാഗവും വിമർശനം ഉന്നയിച്ച് രംഗത്ത് വന്നത്. മോദിയുടെ സന്ദർശനം ഇന്ത്യയെ അമേരിക്കയുടെ ശിങ്കിടിയായി ഉറപ്പിച്ചുവെന്ന് സിപിഎം പോളിറ്റ് ബ്യൂറോ പുറപ്പെടുവിച്ച പ്രസ്താവനയിൽ പറയുന്നു. ഏത് വിധേനയും തങ്ങളുടെ ആധിപത്യം ആഗോള തലത്തിൽ ശക്തമാക്കുകയാണ് അമേരിക്കയുടെ ലക്ഷ്യം. ഇതിനായുള്ള പങ്കാളിയെന്ന തരത്തിലാണ് ഇന്ത്യയെ അമേരിക്ക കാണുന്നത് എന്നും പ്രസ്താവനയിൽ വ്യക്തമാക്കുന്നുണ്ട്.
പ്രതിരോധ രംഗത്ത് ഇന്ത്യയുമായി ഏർപ്പെട്ട കരാറുകൾ അമേരിക്കൻ നയതന്ത്ര താത്പര്യങ്ങൾക്ക് വേണ്ടിയുള്ളവ മാത്രമാണെന്ന് സിപിഐ പ്രസ്താവനയിലൂടെ അറിയിച്ചു. ഏഷ്യ-പസഫിക് മേഖലയിൽ സ്വാധീനം ശക്തിപ്പെടുത്താനാണ് അമേരിക്കയുടെ ശ്രമം. അതിനാൽ സാമ്രാജ്യത്വശക്തികൾക്ക് കീഴ്‌പ്പെടാതെ കേന്ദ്രസർക്കാർ സ്വതന്ത്രമായ വിദേശ നയമാണ് പിന്തുടരേണ്ടതെന്നും പ്രസ്താവനയിലുണ്ട്.
Discussion about this post