തിരുവനന്തപുരം :രാജ്യത്തിന്റെ ചാന്ദ്ര പര്യവേഷണ ദൗത്യമായ ചന്ദ്രയാൻ ഉടൻ വിക്ഷേപിക്കുമെന്ന് ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ്. ജൂലൈ 13 ന് വിക്ഷേപണം നടത്തുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. ഉച്ചയ്ക്ക് 2.30 ന് ശ്രീഹരിക്കോട്ടയിലെ രണ്ടാം നമ്പർ ലോഞ്ചിൽ നിന്നായിരിക്കും വിക്ഷേപണം നടത്തുക. എല്ലാ പരീക്ഷണങ്ങളും പൂർത്തിയായ ശേഷം വിക്ഷേപണത്തിന്റെ കൃത്യമായ തീയതി പ്രഖ്യാപിക്കുമെന്ന് ഐഎസ്ആർഒ മേധാവി പറഞ്ഞു.
‘നിലവിൽ ചന്ദ്രയാൻ-3 ബഹിരാകാശ പേടകം പൂർണ്ണമായും സംയോജിപ്പിച്ചു കഴിഞ്ഞു. പരീക്ഷണങ്ങളും പൂർത്തിയാക്കി. ജൂലൈ 12 മുതൽ 19 വരെ വിക്ഷേപണത്തിനുള്ള അവസരമുണ്ട്. എല്ലാ പരീക്ഷണങ്ങളും പൂർത്തിയാക്കിയ ശേഷം വിക്ഷേപണം നടത്തുന്ന തീയതി പ്രഖ്യാപിക്കും,’ സോമനാഥ് പറഞ്ഞു.
ചന്ദ്രനിലേക്കുള്ള ഇന്ത്യയുടെ ഏറ്റവും ഭാരമേറിയ റോക്കറ്റായ ജിയോസിൻക്രണസ് ലോഞ്ച് വെഹിക്കിൾ മാർക്ക് 111 ലാണ് ചന്ദ്രയാൻ-3 വിക്ഷേപിക്കുക. തദ്ദേശീയമായി നിർമ്മിച്ച ലാൻഡർ മൊഡ്യൂൾ (എൽഎം), പ്രൊപ്പൽഷൻ മൊഡ്യൂൾ (പിഎം), ഇന്റർപ്ലാനറ്ററി മിഷനുകൾക്ക് ആവശ്യമായ പുതിയ സാങ്കേതിക വിദ്യകൾ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന റോവർ എന്നിവ ചന്ദ്രയാൻ 3 ൽ ഉൾപ്പെടുന്നു.
നാല് വർഷം മുമ്പ് ചന്ദ്രോപരിതലത്തിൽ പതിച്ചതിനെ തുടർന്ന് ചന്ദ്രയാൻ-2 ദൗത്യം പരാജയപ്പെട്ടിരുന്നു. ഇതിന് ശേഷം വിശദമായ പരീക്ഷണങ്ങൾക്കൊടുവിലാണ് ചന്ദ്രയാൻ 3 ദൗത്യത്തിനായി ഐഎസ്ആർഒ ഒരുങ്ങുന്നത്.
ചന്ദ്രയാൻ രണ്ടിന്റേതിന് സമാനമായ യാത്രാ പഥമാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ഭൂമിയിൽ നിന്ന് പുറപ്പെട്ട് 40 ദിവസങ്ങൾക്ക് ശേഷമായിരിക്കും ലാൻഡിംഗ് ശ്രമം. ചന്ദ്രനിൽ സൂര്യവെളിച്ചം എത്തിച്ചേരാത്ത ഇരുണ്ട ഭാഗത്താണ് ചന്ദ്രയാൻ 3 ലാൻഡർ ഇറക്കുക. കഴിഞ്ഞ തവണത്തെ പരാജയത്തിൽ നിന്ന് പഠിച്ച വിലപ്പെട്ട പാഠങ്ങളാണ് ഇത്തവണത്തെ മൂലധനം. ലാൻഡറിന്റെ ഘടന മുതൽ എല്ലാം വീണ്ടും വീണ്ടും പരിശോധിച്ച് പരിഷ്‌കരിച്ച് മാറ്റങ്ങൾ വരുത്തിയാണ് ഈ രണ്ടാമത്തെ ശ്രമം.
615 കോടി രൂപയാണ് ദൗത്യത്തിന്റെ ബജറ്റ്. പുതിയ ഓർബിറ്റർ ചന്ദ്രയാൻ മൂന്നിന് ഉണ്ടാവില്ല. പകരം ചന്ദ്രയാൻ 2 ഓർബിറ്റർ തന്നെ പുതിയ ദൗത്യത്തിന് വേണ്ടി പ്രയോജനപ്പെടുത്തും.
Discussion about this post