ലക്‌നൗ : വിവാഹം കഴിഞ്ഞ് അടുത്ത ദിവസം വധു പ്രസവിച്ചു. വിവാഹ ദിവസം രാത്രി വയറുവേദനയെ തുടർന്ന് അസ്വസ്ഥയായിരുന്ന വധുവിനെ പിറ്റേന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അപ്പോഴാണ് വധു ഏഴ് മാസം ഗർഭിണിയാണെന്ന വിവരം എല്ലാവരും അറിയുന്നത്. തുടർന്ന് ആശുപത്രിയിൽ വെച്ച് യുവതി ഒരു പെൺകുഞ്ഞിന് ജന്മം നൽകി.
ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിലാണ് സംഭവം. ജനുവരി 26 നാണ് തെലങ്കാന സെക്കന്തറാബാദ് സ്വദേശിയായ യുവതിയെ ഗ്രേറ്റർ നോയിഡ സ്വദേശി വിവാഹം കഴിച്ചത്. യുവതി ഗർഭിണിയാണെന്ന വിവരം കുടുംബത്തിന് നേരത്തെ അറിയാമായിരുന്നു. എന്നാൽ ഇവർ വരനിൽ നിന്ന് അക്കാര്യം മറച്ചുവെച്ചു.
അടുത്തിടെ മകൾക്ക് വൃക്കയിലെ കല്ല് നീക്കം ചെയ്യുന്ന ഓപ്പറേഷൻ നടത്തിയിരുന്നുവെന്നും അതുകൊണ്ടാണ് വയറ് വലുതായിരിക്കുന്നത് എന്നുമാണ് യുവതിയുടെ കുടുംബം പറഞ്ഞത്.
യുവതി പ്രസവിച്ചുവെന്ന് അറിഞ്ഞതോടെ ഇവർ സെക്കന്തറാബാദിൽ നിന്ന് യുപിയിലെത്തി. കുഞ്ഞുള്ള ഒരു ഭാര്യയെ തനിക്ക് ആവശ്യമില്ലെന്ന് ഭർത്താവ് പറഞ്ഞതോടെ യുവതിയെ ഇവർ വീട്ടിലേക്ക് കൊണ്ടുവന്നു. വിഷയം ചർച്ച ചെയ്ത് ധാരണയിലായ കുടുംബം പോലീസിൽ പരാതി നൽകിയില്ല. ഈ വിവരം അറിഞ്ഞിരുന്നതായും പരാതി ഒന്നും ലഭിച്ചിട്ടില്ലെന്നും പോലീസ് അറിയിച്ചു.
Discussion about this post