തിരുവനന്തപുരം: കെ സുധാകരനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ അടിസ്ഥാന രഹിതമായ ആരോപണമുന്നയിച്ചെന്ന പരാതിയിൽ പ്രാഥമിക അന്വേഷണം നടത്താൻ ക്രൈംബ്രാഞ്ച്. എറണാകുളം ക്രൈംബ്രാഞ്ച് എസ്.പി സാബു മാത്യുവിനാണ് അന്വേഷണ ചുമതല. കെ സുധാകരനെതിരെ എം. വി ഗോവിന്ദൻ നടത്തിയ വിവാദ പരാമർശങ്ങളിൽ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പൊതുപ്രവർത്തകൻ പായ്ചിറ നവാസ് നൽകിയ പരാതിയിലാണ് നടപടി.
അന്വേഷണത്തിന്റെ ഭാഗമായി പരാതിക്കാരനോട് ഇന്ന് രാവിലെ 11 മണിക്ക് കളമശ്ശേരിയില ഓഫീസിൽ നേരിട്ട് ഹാജരാകാൻ ക്രൈംബ്രാഞ്ച് നിർദ്ദേശിച്ചിട്ടുണ്ട്. ഡിജിപി അനിൽകാന്തിന് നൽകിയ പരാതിയാണ് പ്രാഥമിക അന്വേഷണത്തിനായി ക്രൈംബ്രാഞ്ചിനെ ഏൽപ്പിച്ചത്. മോൻസൻ മാവുങ്കലിനെതിരായ പോക്‌സോ കേസിലെ കൂട്ടു പ്രതിയാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരനെന്നും താൻ പീഡിപ്പിക്കപ്പെടുമ്പോൾ സുധാകരൻ അവിടെ ഉണ്ടായിരുന്നുവെന്ന് പോക്‌സോ കേസിലെ അതിജീവിത വെളിപ്പെടുത്തിയിട്ടുണ്ടെന്നുമായിരുന്നു എംവി ഗോവിന്ദന്റെ ആരോപണം.
പീഡന വിവരം അറിഞ്ഞിട്ടും സുധാകരൻ ഇടപെട്ടിട്ടിലെന്ന് അതിജീവിത രഹസ്യ മൊഴി നൽകിയിരുന്നെന്നും ഗോവന്ദൻ ആരോപിച്ചിരുന്നു. ഒരു പത്രത്തിൽ വാർത്ത വന്നിട്ടുണ്ടെന്ന് സൂചിപ്പിച്ചാണ് കെ. സുധാകരനെതിരെ എം വി ഗോവിന്ദൻ ആരോപണം ഉന്നയിച്ചത്. സുധാകരനെതിരെ പറഞ്ഞത് ദേശാഭിമാനി പത്ര വാർത്തയുടെ അടിസ്ഥാനത്തിലാണെന്ന് എം വി ഗോവിന്ദൻ പിന്നീട് പറയുകയും ചെയ്തിരുന്നു.
Discussion about this post