ഇൻഞ്ചെക്ഷൻ എടുക്കുമ്പോൾ പേടിക്കുന്നവരാണോ നിങ്ങൾ ? എന്നാൽ ഇനി ആ പേടി വേണ്ട. വേദനയില്ലാതെ കുത്തിവെയ്പ്പ് നടത്താനുള്ള സംവിധാനം കണ്ടെത്തിയിരിക്കുകയാണ് ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ ഒരു സംഘം ഗവേഷകർ. വേദനയില്ലാതെ കുത്തിവെയ്ക്കാൻ സാധിക്കുന്ന മൈക്രോ നീഡിലുകളാണ് കണ്ടെത്തിയിരിക്കുന്നത്. തൃശ്ശൂർ സ്വദേശിയായ ഡോ. അനു രഞ്ജിത്തും ഈ ഗവേഷക സംഘത്തിലുണ്ട്.
വേദനയില്ലാതെ കുത്തിവെക്കാവുന്ന പോളിമെറിക് നീഡിലുകളാണ് ഗവേഷക സംഘം നിർമ്മിച്ചിരിക്കുന്നത്. തൊലിയുടെ അടിയിലുള്ള നാഡിയിൽ സിറിഞ്ച് കൊള്ളുമ്പോഴാണ് വേദനിക്കുന്നത്. എന്നാൽ പുതുതായി നിർമ്മിച്ച മൈക്രോ നീഡിലുകൾ തൊലിയുടെ താഴ്ഭാഗത്ത് വരെ മാത്രമേ എത്തുകയുള്ളൂ എന്നതാണ് പ്രത്യേകത. അതുകൊണ്ട് തന്നെ വേദന ഉണ്ടാകില്ല.
നിലവിൽ രാജ്യത്ത് ഇവ ഉപയോഗിക്കുന്നില്ല. 700-800 മൈക്രോൺ ആണ് ഇതിന്റെ കനം. 30 മൈക്രോണാണ് സൂചിയുടെ അഗ്രത്തിന്റെ വ്യാസം. പിരമിഡ് ആകൃതിയിലുള്ള അറ്റവും ഇതിനുണ്ട്. ആകൃതിയിൽ വ്യത്യാസം ഉള്ളതിനാൽ നിലവിൽ ഉപയോഗിക്കുന്നതിനേക്കാൾ 20 ശതമാനം കുറവ് മരുന്ന് ഇതിൽ ഉപയോഗിച്ചാൽ മതിയാകും.
ഈ കണ്ടെത്തലിന് പിന്നിൽ ഒരു മലയാളിയുണ്ടെന്നത് നാടിന് അഭിമാനമായിരിക്കുകയാണ്. ബംഗളൂരു നാഷണൽ എയറോസ്പേസ് ലബോറട്ടറിയിൽ സീനിയർ റിസർച്ച് അസോസിയേറ്റാണ് അനു. ഭർത്താവ് രഞ്ജിത്ത് ജോർജ് എയർ ട്രാഫിക് കൺട്രോളറായി ജോലി ചെയ്യുകയാണ്. കുടുംബവുമൊത്ത് ബംഗളൂരുവിലാണ് അനു താമസിക്കുന്നത്.
Discussion about this post