ന്യൂഡൽഹി: ഡൽഹി സർവ്വകലാശാലയിൽ നടന്ന ചടങ്ങിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി യാത്ര ചെയ്തത് മെട്രോയിൽ. ലോക് കല്യാൺ മാർഗ് മെട്രോ സ്‌റ്റേഷനിൽ നിന്നാണ് വിശ്വവിദ്യാലയ മെട്രോ സ്‌റ്റേഷൻ വരെ പ്രധാനമന്ത്രി യാത്ര ചെയ്തത്. എസ്‌കോർട്ട്, സുരക്ഷാ വാഹനങ്ങൾ ഒഴിവാക്കി പൊതുഗതാഗത സംവിധാനത്തെ ആശ്രയിച്ച പ്രധാനമന്ത്രിയുടെ യാത്ര വലിയ സന്ദേശമാണ് പൊതുസമൂഹത്തിന് നൽകിയത്.
ഡൽഹി സർവ്വകലാശാലയുടെ ശതാബ്ദി ആഘോഷങ്ങളിൽ പങ്കെടുക്കാനായിരുന്നു പ്രധാനമനമന്ത്രിയുടെ യാത്ര. മെട്രോയിൽ സഹയാത്രക്കാരായി കയറിയവർ അപ്രതീക്ഷിതമായി പ്രധാനമന്ത്രിയെ കണ്ട് അമ്പരന്നു. എല്ലാവരോടും കുശലാന്വേഷണം നടത്തി ഹസ്തദാനം നടത്തി യാത്ര പ്രധാനമന്ത്രി ആസ്വദിക്കുകയും ചെയ്തു.
സ്മാർട്ട് കാർഡ് ഉപയോഗിച്ചാണ് എഎഫ്‌സി ഗേറ്റ് വഴി പ്രധാനമന്ത്രി മെട്രോ സ്‌റ്റേഷനിൽ പ്രവേശിച്ചത്. പ്ലാറ്റ്‌ഫോമിലെത്തി മെട്രോ എത്താൻ ക്ഷമയോടെ കാത്ത് നിൽക്കുന്ന പ്രധാനമന്ത്രിയുടെ ദൃശ്യങ്ങളും സമൂഹമാദ്ധ്യമങ്ങൾ ഏറ്റെടുത്തുകഴിഞ്ഞു.
സഹയാത്രികരുമായി ആശയവിനിമയം നടത്താൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. ഇതിന്റെ ചിത്രങ്ങൾ പങ്കുവെച്ചായിരുന്നു പ്രധാനമന്ത്രിയുടെ കുറിപ്പ്.
Discussion about this post