ലക്‌നൗ: ക്ഷേത്രദർശനത്തിന് മാന്യമായ വസ്ത്രം ധരിച്ച് വരണമെന്ന് വിശ്വാസികളെ ഓർമ്മപ്പെടുത്തുന്ന ഫ്‌ളക്‌സ് ബോർഡ് സമൂഹമാദ്ധ്യമത്തിൽ ചർച്ചയാകുന്നു. യുപി ഹാപൂരിലെ ഖാട്ടു ശ്യാം ക്ഷേത്രത്തിന് മുൻപിൽ പതിച്ച ഫ്‌ളക്‌സ് ബാനർ ആണ് സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയായത്. കീറിയ ജീൻസും മിനി സ്‌കർട്ടും ഒന്നും ധരിച്ച് അമ്പലത്തിലേക്ക് വരരുതെന്നും മാന്യമായ വസ്ത്രം ധരിക്കണമെന്നും ഫള്ക്‌സിൽ നിർദ്ദേശിക്കുന്നു.
ക്ഷേത്ര ഭരണസമിതിയാണ് വിശ്വാസികളുടെ പിന്തുണയോടെ ഫ്‌ളക്‌സ് ബോർഡ് സ്ഥാപിച്ചത്. സമൂഹമാദ്ധ്യമങ്ങളിൽ നിരവധി പേരാണ് ക്ഷേത്ര ഭരണ സമിതിയുടെ നടപടിയെ പിന്തുണച്ച് എത്തുന്നത്. മറ്റിടങ്ങളിലേക്ക് പോകുന്നതുപോലെയല്ല ക്ഷേത്രത്തിലേക്ക് വരേണ്ടതെന്നും അവിടെ ഭക്തിയുടെ അന്തരീക്ഷമാണ് നിലനിർത്തേണ്ടതെന്നും ആളുകൾ അഭിപ്രായപ്പെടുന്നു.
ഫാഷന്റെ ഭാഗമായിട്ടാണ് യുവാക്കൾ ഉൾപ്പെടെയുളളവർ കീറിയ ജീൻസിട്ട് ക്ഷേത്രത്തിൽ എത്തുന്നത്. എന്നാൽ ശരീരഭാഗങ്ങൾ കൃത്യമായി മറയ്ക്കുന്ന വേഷം ഉപയോഗിക്കണമെന്നും മാന്യമായ വസ്ത്രധാരണം ഡ്രസ് കോഡായി നിശ്ചയിച്ചിട്ടുണ്ടെന്നും ഫ്‌ളക്‌സിൽ പറയുന്നു.
മിനി സ്‌കർട്ടും ഹാഫ് പാന്റ്‌സും ബർമുഡയും ഉൾപ്പെടെയുളള ഇറക്കം കുറഞ്ഞ വസ്ത്രങ്ങളും വിലക്കിയിട്ടുണ്ട്. മാന്യമായി വസ്ത്രം ധരിക്കാതെ എത്തിയാൽ ക്ഷേത്രത്തിന് പുറത്തുനിന്ന് തൊഴുതു മടങ്ങാൻ മാത്രമേ കഴിയൂവെന്നും ഫ്‌ളക്‌സിൽ മുന്നറിയിപ്പ് നൽകുന്നു.
അടുത്തിടെ ഒട്ടേറെ ക്ഷേത്രങ്ങൾ സമാനമായ ഡ്രസ് കോഡ് ഏർപ്പെടുത്തിയിരുന്നു. നിരവധി ക്ഷേത്രങ്ങളുടെ നിയന്ത്രണം കൈയ്യാളുന്ന ഉത്തരാഖണ്ഡിലെ മഹാനിർവാണി അഖാറയും സമാനമായ നിർദ്ദേശങ്ങൾ പുറത്തിറക്കിയിരുന്നു.
Discussion about this post