തിരുവനന്തപുരം : സുരേഷ് ഗോപി മന്ത്രിസഭയിലേക്ക് വരുന്നത് സന്തോഷകരമാണെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ. കേരളത്തിന് ഒരു മന്ത്രിയെ കൂടുതൽ കിട്ടിയാൽ അഭിമാനം. തനിക്ക് പകരം അദ്ദേഹം വന്നാലും സന്തോഷം മാത്രമേ ഉളളൂ. ഇതൊക്കെ മാദ്ധ്യമങ്ങളിൽ നടക്കുന്ന ചർച്ച മാത്രമാണെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
മോദി സർക്കാർ വിപുലമായ മന്ത്രിസഭാ അഴിച്ചുപണിക്ക് ഒരുങ്ങുകയാണെന്ന പ്രചാരണങ്ങൾ വ്യാപകമായി നടക്കുന്നുണ്ട്. മുൻ എംപി സുരേഷ് ഗോപിയെ കേന്ദ്ര മന്ത്രിസഭയിൽ ഉൾപ്പെടുത്തുമെന്ന അഭ്യൂഹങ്ങളും പരക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു വി മുരളീധരൻ.
ഈ ചർച്ചകൾ ഊഹാപോഹങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു. മന്ത്രിസഭയെ സംബന്ധിച്ച് ഏത് തീരുമാനവും എടുക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. പ്രധാനമന്ത്രി ആരോടെങ്കിലും ഇതിനെപ്പറ്റി മുൻകൂട്ടി പറയാറില്ല. കഴിഞ്ഞ ഒൻപത് വർഷത്തിനിടെ അത്തരമൊരു സംഭവം താൻ കേട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം സുരേഷ് ഗോപിയെ മന്ത്രിസഭയിൽ ഉൾപ്പെടുത്തുന്നത് സന്തോഷകരമാണെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
Discussion about this post