ന്യൂ ഡൽഹി : വരാനിരിക്കുന്ന പാർലമെന്റ് സമ്മേളനത്തിൽ മൾട്ടിസ്റ്റേറ്റ് കോ–ഒാപ്പറേറ്റീവ് സൊസൈറ്റി നിയമത്തിലെ ഭേദഗതി അവതരിപ്പിക്കുമെന്ന് കേന്ദ്ര ആഭ്യന്തര സഹകരണ മന്ത്രി അമിത് ഷാ അറിയിച്ചു. പാർലമെന്ററി കമ്മിറ്റി സമവായത്തിലൂടെ കോ–ഒാപ്പറേറ്റീവ് സൊസൈറ്റി നിയമം ഭേദഗതി ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ സഹകരണ മേഖലയിൽ നിരവധി സംരംഭങ്ങൾ തങ്ങൾ കൈക്കൊണ്ടിട്ടുണ്ട് . മൾട്ടിസ്റ്റേറ്റ് കോ–ഒാപ്പറേറ്റീവ് സൊസൈറ്റീസ് നിയമത്തിൽ ഭേദഗതി വരുത്തുന്നതിനുള്ള പ്രവർത്തനങ്ങൾ പാർലമെന്ററി കമ്മിറ്റി സമവായത്തോടെ ആണ് നടപ്പിലാക്കുന്നത് എന്നും അമിത് ഷാ വ്യക്തമാക്കി. ന്യൂഡൽഹിയിലെ ഇന്റർനാഷ്ണൽ എക്‌സിബിഷൻ-കം-കൺവെൻഷൻ സെന്ററിൽ നടന്ന പതിനേഴാമത് ഇന്ത്യൻ സഹകരണ കോൺഗ്രസിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ.
“നമ്മുടെ രാജ്യത്ത് സഹകരണ പ്രസ്ഥാനത്തിന് ഏകദേശം 115 വർഷത്തോളം പഴക്കമുണ്ട് . സ്വാതന്ത്ര്യം ലഭിച്ച കാലം മുതൽ സഹകരണ മേഖലയിലെ തൊഴിലാളികളുടെ പ്രധാന ആവശ്യമായിരുന്നു പ്രത്യേകമായ സഹകരണ മന്ത്രാലയം വേണമെന്നുള്ളത്. എന്നാൽ 2019 ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടതിനു ശേഷം മാത്രമാണ് ഒരു പ്രത്യേക സഹകരണ മന്ത്രാലയം രൂപീകരിക്കുന്നത് ” എന്നും അമിത് ഷാ കൂട്ടിച്ചേർത്തു.
സംസ്ഥാനത്തിന്റെയും കേന്ദ്രത്തിന്റെയും അവകാശങ്ങൾ ഇല്ലായ്മ ചെയ്യാതെ സഹകരണ നിയമത്തെ ഏകീകൃതമാക്കാനാണ് നരേന്ദ്രമോദി സർക്കാർ ശ്രമിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതോടൊപ്പം തന്നെ പാർലമെന്റിന്റെ വർഷകാല സമ്മേളനം ജൂലൈ 20ന് ആരംഭിക്കുമെന്ന് പാർലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷിയും ഇന്ന് അറിയിച്ചു.
Discussion about this post