ഛണ്ഡീഗഡ്: പഞ്ചാബിലെ സുവർണ ക്ഷേത്രത്തിൽ ദർശനം നടത്തി ബോളിവുഡ് താരം പരിനീതി ചോപ്ര. പ്രതിശ്രുത വരനും എംപിയുമായ രാഗവ് ചദ്ധയ്‌ക്കൊപ്പമായിരുന്നു താരത്തിന്റെ ക്ഷേത്ര ദർശനം. ഇരുവരുടെയും ഒന്നിച്ചുള്ള ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
രാവിലെയോടെയായിരുന്നു ഇരുവരും ക്ഷേത്രത്തിൽ ദർശനം നടത്തിയത്. ശ്രീ ഹർമന്ദിർ സാഹബിൽ ഇരുവരും ദർശനം നടത്തി. ഇതിന്റെ ചിത്രങ്ങളാണ് ഇവർ പങ്കുവച്ചിട്ടുള്ളത്. ഇക്കുറിയുള്ള ക്ഷേത്ര ദർശനം ഏറെ വിശിഷ്ടമാണെന്നായിരുന്നു പരിനീതി ചോപ്ര ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. ഇക്കുറി തനിക്കൊപ്പം അദ്ദേഹവും ഉണ്ടെന്നും താരം കുറിച്ചിട്ടുണ്ട്.
ഇക്കുറിയുള്ള ക്ഷേത്ര ദർശനം തനിക്കും ഏറെ പ്രിയപ്പെട്ടതാണെന്ന് രാഗവും ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് ഇൻസ്റ്റഗ്രാമിൽ കുറിച്ചിട്ടുണ്ട്. മന്ത്രോച്ചാരണങ്ങൾക്കിടയിൽ താൻ കണ്ണുകൾ അടച്ചും തല കുനിച്ചും പ്രാർത്ഥിച്ചു. ഇക്കുറി തനിക്കൊപ്പം പരിനീതിയും ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഇത്തവണത്തെ ക്ഷേത്ര ദർശനം ഏറെ പ്രിയപ്പെട്ടതാണെന്നും രാഗവ് പറഞ്ഞു. ആംആദ്മി എംപിയാണ് രാഗവ് ചദ്ധ. ചിത്രങ്ങൾ വളരെ പെട്ടെന്നാണ് സമൂഹമാദ്ധ്യമ ഉപയോക്താക്കളുടെ ശ്രദ്ധ ആകർഷിച്ചത്.
മെയ് 13 നായിരുന്നു ഡൽഹിയിലെ കപൂർതല ഹൗസിൽവച്ച് പരിനീതി ചോപ്രയുടെയും രാഗവിന്റെയും വിവാഹ നിശ്ചയം നടന്നത്. അടുത്ത വർഷം ഒക്ടോബറിലാകും ഇരുവരുടെയും വിവാഹം എന്നാണ് സൂചന.
Discussion about this post