സൂറിക്: ഫിഫ ബാലന് ഡി ഓര് പുരസ്കാരത്തിനുള്ള അവസാന കരട് പട്ടികയില്‍ ലയണല്‍ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും നെയ്മറും ഇടം പിടിച്ചു. 23 താരങ്ങളില്‍നിന്ന് മൂന്നുപേരുടെ പട്ടിക തിങ്കളാഴ്ചയാണ് പ്രസിദ്ധീകരിച്ചത്. 2016 ജനുവരി 11ന് സൂറിക്കില്‍ ജേതാവിനെ പ്രഖ്യാപിക്കും.
രണ്ട് ബാഴ്സലോണ താരങ്ങള്‍ അടങ്ങുന്ന മത്സരത്തില്‍ മെസ്സിക്കാണ് ഇത്തവണ മുന്‍തൂക്കം. സ്പാനിഷ് ലീഗില്‍ നിന്നുള്ള മൂന്ന് പേര് മാറ്റുരക്കുന്നു എന്നതും പ്രത്യേകതയാണ്.
ബാഴ്സലോണയെ ട്രെബ്ള്‍ കിരീടത്തിലേക്ക് നയിച്ചതാണ് മെസ്സിയുടെ സാധ്യത വര്‍ധിപ്പിക്കുന്നത്. സൂറിക്കില്‍ മെസ്സി വീണ്ടും ലോകതാരമായാല്, അഞ്ചുതവണ ബാലന് ഡി ഓര് ഉയര്‍ത്തുന്ന ആദ്യ താരമെന്ന ബഹുമതിയും സ്വന്തമാകും. നിലവിലെ ജേതാവായ ക്രിസ്റ്റ്യാനോയാകട്ടെ ഹാട്രിക് മോഹത്തിലാണ്.
ഏറ്റവും മികച്ച ഗോളിനുള്ള പുഷ്കാസ് പുരസ്കാരത്തിന് ബാഴ്സലോണ സൂപ്പര്‍ സ്ട്രൈക്കര്‍ ലയണല്‍ മെസ്സിയും ബ്രസീലിയന്‍ താരം വെന്‍ഡല്‍ ലിറയും റോമയുടെ അലക്സാണ്ട്രോ ഫ്ളോറന്‍സിയും മാറ്റുരക്കും.
Discussion about this post