പാലക്കാട്: പല്ലശ്ശനയിൽ ഗൃഹപ്രവേശന ചടങ്ങിനിടെ വധൂവരന്മാരുടെ തല കൂട്ടിയിടിപ്പിച്ചയാൾക്കെതിരെ കേസ് എടുത്ത് പോലീസ്. അയൽവാസി സുഭാഷിനെതിരെയാണ് കൊല്ലങ്കോട് പോലീസ് കേസ് എടുത്തത്. സുഭാഷിന്റെ അറസ്റ്റ് പോലീസ് ഉടൻ രേഖപ്പെടുത്തും.
ദേഹോപദ്രവമേൽപ്പിക്കൽ, സ്ത്രീത്വത്തെ അപമാനിക്കൽ എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. കേസ് എടുത്തതിന് പിന്നാലെ പോലീസ് ദമ്പതികളായ സച്ചിനിൽ നിന്നും സജ്ലയിൽ നിന്നും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിന് ശേഷമാണ് അറസ്റ്റിനൊരുങ്ങുന്നത്.
കഴിഞ്ഞ ദിവസം സംഭവത്തിൽ വനിതാ കമ്മീഷൻ ഇടപെടുകയും കേസ് എടുക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ അന്വേഷണം നടത്തി അടിയന്തിരമായി റിപ്പോർട്ട് സമർപ്പിക്കാൻ ആയിരുന്നു കമ്മീഷൻ പോലീസിന് നൽകിയിരിക്കുന്ന നിർദ്ദേശം. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് പോലീസ് കേസ് എടുത്തത്.
കഴിഞ്ഞ ആഴ്ചയായിരുന്നു സച്ചിന്റെയും സജ്ലയുടെയും വിവാഹം. അന്നേ ദിവസം സച്ചിന്റെ വീട്ടിൽ നടന്ന ഗൃഹപ്രവേശന ചടങ്ങിനിടെയായിരുന്നു സുഭാഷ് ദമ്പതികളുടെ തല കൂട്ടിയിടിച്ചത്. കഠിനമായ വേദനയെ തുടർന്ന് കരഞ്ഞ് വീട്ടിലേക്ക് കയറുന്ന സജ്ലയുടെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
Discussion about this post