ബലൂചിസ്ഥാൻ : കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാക്കിസ്താന് വലിയ പ്രതീക്ഷയേകുന്ന പദ്ധതിയായിരുന്നു ചൈന – പാകിസ്താൻ സാമ്പത്തിക ഇടനാഴി ( CPEC ). മിഡിൽ ഈസ്റ്റിൽ നിന്നുള്ള ചൈനയുടെ ഊർജ ഇറക്കുമതി ചെലവ് കുറഞ്ഞതും എളുപ്പവും സുരക്ഷിതവും ആക്കാൻ ആയിരുന്നു ഈ ഇടനാഴി ലക്ഷ്യമിട്ടിരുന്നത്. ഇതുവഴി യൂറോപ്പും ചൈനയും തമ്മിലുള്ള വ്യാപാരം വർദ്ധിക്കുകയും ഒപ്പം തന്നെ പാക്കിസ്താനിലെ അടിസ്ഥാന സൗകര്യ വികസനം , ഗതാഗത ശൃംഖലകൾ നവീകരിക്കുക , വൈദ്യുതിക്ഷാമം പരിഹരിക്കുക എന്നീ ലക്ഷ്യങ്ങളും ഈ പദ്ധതിക്ക് ഉണ്ടായിരുന്നു. അതിനാൽ തന്നെ പാക്കിസ്താനെ സംബന്ധിച്ച് ചൈന – പാകിസ്താൻ സാമ്പത്തിക ഇടനാഴി ഏറെ പ്രതീക്ഷ നൽകുന്നതായിരുന്നു.
എന്നാൽ ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ പ്രകാരം ഈ പദ്ധതിയുമായി ബന്ധപ്പെട്ട ബലൂചിസ്ഥാൻ പ്രദേശത്ത് തുടർച്ചയായി ഉണ്ടാകുന്ന കൽക്കരി ട്രക്ക് ആക്രമണങ്ങൾ പാക്കിസ്താന് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്. ബലൂചിസ്ഥാൻ പ്രവിശ്യയിലെ കൽക്കരി ഖനികളിൽ നിന്നും പാക്കിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലെ താപവൈദ്യുത നിലയങ്ങളിലേക്ക് കൽക്കരി കൊണ്ടു പോകുന്ന ട്രക്കുകൾ ആണ് ഈ മേഖലയിൽ വച്ച് തുടർച്ചയായി ആക്രമിക്കപ്പെടുകയും കത്തിക്കപ്പെടുകയും ചെയ്യുന്നത്. ബലൂച് ലിബറേഷൻ ആർമിയുടെ സായുധ വിമതർ ആണ് ഈ ആക്രമണങ്ങൾ നടത്തുന്നത് എന്നാണ് പാക്കിസ്താൻ സർക്കാർ വൃത്തങ്ങൾ അറിയിക്കുന്നത്.
ബലൂചിസ്താനിലെ പ്രകൃതിവിഭവങ്ങൾ കൊള്ളയടിക്കുന്നതിനെതിരെ ബലൂച് ലിബറേഷൻ ആർമി പലപ്പോഴും ഹൈവേ തടയുകയും ഡെപ്യൂട്ടി കമ്മീഷണറുടെ അടക്കമുള്ള വാഹനങ്ങൾ ആക്രമിക്കുകയും ചെയ്തിരുന്നു. ഇതുവരെയായി ഏതാണ്ട് ഇരുപതോളം കൽക്കരി ട്രക്കുകൾ ഇവിടെ ബലൂച് ലിബറേഷൻ ആർമിയുടെ നേതൃത്വത്തിൽ ആക്രമിക്കപ്പെട്ടിട്ടുണ്ട് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതിനാൽ തന്നെ നിരന്തരമായി സംഘർഷഭരിതമായ ഈ പ്രദേശം ഇപ്പോൾ നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയോടൊപ്പം പാക്കിസ്താന് മറ്റൊരു ഭീഷണി കൂടി ആവുകയാണ്.
Discussion about this post