മുംബൈ: എൻഡിഎ സഖ്യത്തിനൊപ്പം ചേർന്നതിന് പിന്നാലെ അജിത് പവാറിനും എംഎൽഎമാർക്കുമെതിരെ പ്രതികാര നടപടിയുമായി എൻസിപി. അജിത് പവാറിനെയും പാർട്ടി വിട്ട എംഎൽഎമാരെയും അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് സ്പീക്കർക്ക് അപേക്ഷ നൽകി. വാർത്താസമ്മേളനത്തിൽ എൻസിപി മഹാരാഷ്ട്ര അദ്ധ്യക്ഷൻ ജയന്ത് പട്ടീൽ ഇക്കാര്യം അറിയിച്ചത്.
അജിത് പവാറിനൊപ്പം എട്ട് എംഎൽഎമാരാണ് എൻസിപി വിട്ടത്. ഇവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എൻസിപി തിരഞ്ഞെടുപ്പ് കമ്മീഷനെയും സമീപിച്ചിട്ടുണ്ട്. കൂറ് മാറ്റ നിരോധന നിയമ പ്രകാരം നടപടി വേണമെന്ന് ആണ് ആവശ്യം.
ശരത് പവാറിനെയും എൻസിപിയെയും ഇരുട്ടിലാക്കിക്കൊണ്ടുള്ള എംഎൽഎമാരുടെ നീക്കം നിയമവിരുദ്ധമാണെന്ന് ജയന്ത് പട്ടീൽ പറഞ്ഞു. അതുകൊണ്ടാണ് അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നൽകിയത്. എംഎൽഎമാർക്കെതിരെ നടപടി സ്വീകരിക്കണമെന്നായിരുന്നു അച്ചടക്ക സമിതിയുടെയും നിർദ്ദേശം. ഇതേ തുടർന്നാണ് പരാതിയുമായി മുന്നോട്ട് നീങ്ങാൻ തീരുമാനിച്ചത്. അജിത് പവാർ ഉൾപ്പെടെ ഒൻപത് എംഎൽഎമാർക്കെതിരെയാണ് ഇ-മെയിൽ വഴി പരാതി നൽകിയിരിക്കുന്നത് എന്നും പട്ടീൽ വ്യക്തമാക്കി.
എത്രയും വേഗം തങ്ങളുടെ അപേക്ഷ പരിഗണിക്കണം എന്ന് സ്പീക്കർ രാഹുൽ നർവേക്കറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എംഎൽഎമാരെ അയോഗ്യരാക്കണം എന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷനെയും സമീപിച്ചിട്ടുണ്ട്. ഈ നീക്കം പാർട്ടിയുടെ നയങ്ങൾ അനുസരിച്ച് ആണെന്നും പട്ടീൽ പ്രതികരിച്ചു.
ഇന്നലെയായിരുന്നു അജിത് പവാറും എംഎൽഎമാരും എൻസിപി വിട്ടത്. തുടർന്ന് എൻഡിഎയിൽ ചേരുകയായിരുന്നു. ഇതിന് പിന്നാലെ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി അജിത് പവാർ സത്യപ്രതിജ്ഞ ചെയ്തു.
Discussion about this post