ന്യൂഡൽഹി : മതതീവ്രവാദത്തിന്റെ കഥ പറയുന്ന 72 ഹൂറെയ്ൻ സിനിമയുടെ സംവിധായകൻ സഞ്ജയ് പുരൻ സിംഗ് ചൗഹാനെതിരെ ഭീഷണി. ഇൻസ്റ്റഗ്രാമിലൂടെയാണ് ഇസ്ലാമിക മതമൗലികവാദികൾ ഭീഷണി മുഴക്കുന്നത്. വ്യക്തിപരമായ മെസ്സേജുകളിലൂടെയും ഇൻസ്റ്റഗ്രാം കോളിലൂടെയുമാണ് ഭീഷണി ഉയരുന്നത്.
2001 സെപ്റ്റംബറിൽ നടന്ന വേൾഡ് ട്രേഡ് സെന്റർ ആക്രമണം മുതൽ 2008 ലെ മുംബൈ ഭീകരാക്രമണം വരെയുള്ള ഇസ്ലാമിക ഭീകരതയുടെ നേർചിത്രം വരച്ചു കാട്ടുന്ന സിനിമയാണ് 72 ഹൂറെയ്ൻ. സഞ്ജയ് പുരൻ സിംഗിനെതിരേയും ഹിന്ദുമതത്തിനെതിരേയുമാണ് അവഹേളനങ്ങളും ഭീഷണിയും മുഴക്കുന്നത്.
നിന്റെ സമയം അടുത്തെടാ എന്ന് തുടങ്ങി അശ്ലീലം കലർന്നതും ഭീഷണിപ്പെടുത്തുന്നതുമായ സന്ദേശങ്ങളാണ് ഇൻസ്റ്റഗ്രാമിലൂടെ ലഭിക്കുന്നതെന്ന് സംവിധായകൻ വ്യക്തമാക്കി. സംവിധായകന്റെ കുടുംബാംഗങ്ങളെ ബലാത്സംഗം ചെയ്യുമെന്നും ഭീഷണി ഉയർത്തിയിട്ടുണ്ട്. സംവിധായകൻ നരകത്തിൽ കത്തിയെരിയുമെന്നും ചിലർ ആക്രോശിക്കുന്നു. ഭോജ്പുരി നടിയായ സബിഹ ഷെയ്ക്കും സംവിധായകനെതിരെ രംഗത്തെത്തിയിരുന്നു. ഖുർ ആനിൽ ആരെയും കൊല്ലാൻ നിർദ്ദേശിക്കുന്നില്ലെന്നും അങ്ങനെ ഒരു വരി ഖുർ ആനിൽ കാണിച്ചു തരാൻ വെല്ലുവിളിക്കുന്നുവെന്നും സബിഹ ഷെയ്ക്ക് പ്രസ്താവിച്ചിരുന്നു.
വരുന്ന ജൂലൈ 7 നാണ് സിനിമ റിലീസ് ചെയ്യുന്നത്. ഏറ്റവും കൂടുതൽ പേർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയായും 72 ഹൂറെയ്നെ അടയാളപ്പെടുത്തിയിട്ടുണ്ട്. പവൻ മൽഹോത്രയും അമീർ ബാഷിറുമാണ് പ്രധാന താരങ്ങൾ.
Discussion about this post