മുംബൈ; ശരദ് പവാറിന്റെ നീക്കങ്ങൾക്ക് അതേ നാണയത്തിൽ തിരിച്ചടി നൽകി എൻസിപി നേതാക്കളായ അജിത് പവാറും സംഘവും. ശരദ് പവാർ പക്ഷത്തെ എംഎൽഎമാരായ ജയന്ത് പാട്ടീലിനെയും ജിതേന്ദ്ര അവ്ഹാദിനെയും അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്ര സ്പീക്കർക്ക് കത്ത് നൽകിയതായി അജിത് പവാർ അറിയിച്ചു.
തങ്ങൾക്കൊപ്പമുളള ഒൻപത് എംഎൽഎമാർക്കെതിരെ ശരദ് പവാർ നടപടി സ്വീകരിച്ച വിവരം മാദ്ധ്യമങ്ങളിലൂടെ അറിഞ്ഞുവെന്നും അതിന്റെ പശ്ചാത്തലത്തിലാണ് സ്പീക്കർക്ക് കത്ത് നൽകിയതെന്നും അജിത് പവാർ പറഞ്ഞു. രാവിലെ അജിത് പവാറിനൊപ്പം പോയ പ്രഫുൽ പട്ടേലിനെയും സുനിൽ തത്ക്കറയെയും പാർട്ടി വിരുദ്ധ നടപടികൾ ആരോപിച്ച് ശരദ് പവാർ പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെ പാർട്ടിയുടെ വർക്കിംഗ് പ്രസിഡന്റായ പ്രുഫുൽ പട്ടേൽ സുനിൽ തത്ക്കറയെ സംസ്ഥാന അദ്ധ്യക്ഷനായി നിയോഗിച്ചു.
സംഘടനാ തലത്തിൽ മാറ്റങ്ങൾ വരുത്താനുളള അധികാരം തത്ക്കറെയ്ക്കായിരിക്കുമെന്നും പ്രുഫുൽ പട്ടേൽ പ്രസ്താവിച്ചു. മഹാരാഷ്ട്ര അധ്യക്ഷ സ്ഥാനത്ത് നിന്നും ജയന്ത് പാട്ടീലിനെ ഒഴിവാക്കുന്നതായും പകരം സുനിൽ തത്ക്കറയെ നിയോഗിച്ചതായും പ്രഫുൽ പട്ടേൽ വ്യക്തമാക്കി. ഇവിടെയും പവാർ പക്ഷത്തിന് വലിയ തിരിച്ചടിയാണ് നേരിട്ടത്.
അജിത് പവാറിനെ എൻസിപി നിയമസഭാ കക്ഷി നേതാവായി ഐക്യകണ്‌ഠേന തിരഞ്ഞെടുത്തുവെന്നും അനിൽ പാട്ടീൽ എൻസിപി വിപ്പ് ആയി തുടരുമെന്നും നേതാക്കൾ വ്യക്തമാക്കി. പാർട്ടിയിലെ മാറ്റങ്ങളെക്കുറിച്ച് നിയമസഭാ സ്പീക്കറെ അറിയിച്ചിട്ടുണ്ടെന്നും അജിത് പവാർ പക്ഷം വിശദീകരിച്ചു.
അടുത്തിടെ പാർട്ടിയുടെ വർക്കിംഗ് പ്രസിഡന്റായി ശരദ് പവാർ നിയോഗിച്ച നേതാവാണ് പ്രഫുൽ പട്ടേൽ. ഈ അധികാരം ഉപയോഗിച്ച് സുനിൽ തത്ക്കറയെ പാർട്ടിയുടെ സംസ്ഥാന അദ്ധ്യക്ഷനായി നിയോഗിക്കുകയും ചെയ്തു.
അതിനിടെ അജിത് പവാർ ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫട്‌നാവിസിനെ വീട്ടിലെത്തി സന്ദർശിക്കുകയും ചെയ്തു.
Discussion about this post