ലണ്ടൻ : യുകെയിൽ മലയാളി നഴ്‌സും മക്കളും കൊല്ലപ്പെട്ട സംഭവത്തിൽ ഭർത്താവിന് കഠിന തടവ് വിധിച്ച് നോർത്താംപ്ടൺഷെയർ കോടതി. കണ്ണൂർ പടിയൂർ കൊമ്പൻപാറയിലെ ചെലേവാലൻ സാജുവിന് (52) 40 വർഷം തടവാണ് കോടതി വിധിച്ചത്. സാജുവിന്റെ ആക്രമണത്തെ തുടർന്നാണ് ഭാര്യയും മക്കളും കൊല്ലപ്പെട്ടത് എന്ന് കണ്ടെത്തിയിരുന്നു. ഇയാൾ കുറ്റം സമ്മതിക്കുകയും ചെയ്തു. തുടർന്നാണ് ശിക്ഷ വിധിച്ചത്.
2022 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം. യുകെയിൽ നഴ്‌സായി ജോലി ചെയ്തിരുന്ന വൈക്കം സ്വദേശി അഞ്ജു(35), മക്കളായ ജാൻവി (4), ജീവ(6) എന്നിവരാണ് കൊല്ലപ്പെട്ടത്. നോർത്താംപ്ടണിലെ വീട്ടിൽ വെച്ചാണ് ഇയാൾ മൂന്ന് പേരെയും ആക്രമിച്ചത്.
അഞ്ജുവിന് മറ്റൊരാളുമായി അടുപ്പമുണ്ടെന്ന് ഇയാൾ സംശയിച്ചു. ഇതേത്തുടർന്ന് എന്നും അഞ്ജുവിനെ ഭർത്താവ് മർദ്ദിക്കുമായിരുന്നു. സംഭവം നടക്കുന്ന ദിവസം വീട്ടിൽ മദ്യപിച്ചെത്തിയ സാജു അഞ്ജുവിനെ ആദ്യം കൊലപ്പെടുത്തി. തുടർന്ന് നാല് മണിക്കൂർ ആലോചിച്ച ശേഷമാണ് കുട്ടികളെ കൊന്നത് എന്ന് പ്രതി മൊഴി നൽകി.
ജനറൽ ആശുപത്രിയിലെ നഴ്‌സായ അഞ്ജുവിനെയും മക്കളെയും കാണാതായതോടെ അയൽക്കാരാണ് പോലീസിനെ വിവരമറിയിച്ചത്. തുടർന്ന് പോലീസെത്തി ഇവരെ ആശുപത്രിയിലെത്തിച്ചു. അഞ്ജു സംഭവസ്ഥലത്ത് വെച്ച് തന്നെ കൊല്ലപ്പെട്ടിരുന്നു. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മക്കൾ മരിച്ചത്.












