ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി ശക്തമായ മുന്നറിയിപ്പ് നൽകിയതിന് പിന്നാലെ തീവ്രവാദത്തിനെതിരെ തുറന്നടിച്ച് പാകിസ്താൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്. തീവ്രവാദത്തെ ഹൈഡ്രാ ഹെഡഡ് മോൺസ്റ്റർ എന്ന് വിശേഷിപ്പിച്ച ഷെഹബാസ് അതിനെ വീര്യത്തോടെയും ബോധ്യത്തോടെയും നേരിടണമെന്ന് പറഞ്ഞു. ചില രാജ്യങ്ങൾ തീവ്രവാദ പ്രവർത്തനങ്ങൾക്ക് കുടപിടിക്കുന്നുണ്ടെന്നും ഇതിനെ ശക്തമായി എതിർക്കണമെന്നും ഷാങ്ഹായ് കോർപറേഷൻ ഓർഗനൈസേഷനിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തുറന്നടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പാക് പ്രധാനമന്ത്രിയുടെ പരാമർശം.
വ്യക്തികളോ സമൂഹമോ സംസ്ഥാനമോ ചെയ്താലും തീവ്രവാദത്തിനെതിരെ പൂർണ്ണ വീര്യത്തോടെയും ബോധ്യത്തോടെയും പോരാടണം. നയതന്ത്രപരമായ ആവശ്യങ്ങൾക്കായി ഇത് ഉപയോഗിക്കാനുള്ള സാഹചര്യം ഒരിക്കലും ഉണ്ടാക്കരുത്. ഭരണകൂട ഭീകരത ഉൾപ്പെടെ എല്ലാ ഭീകരതയും വ്യക്തമായി അപലപിക്കപ്പെടേണ്ടതാണ്. കാരണമില്ലാതെ നിരപരാധികളെ കൊലപ്പെടുത്തുന്നതിന് ഒരു ന്യായീകരണവുമില്ല. ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ പാകിസ്താൻ നടത്തിയ ത്യാഗങ്ങൾ സമാനതകളില്ലാത്തതാണെന്നും ഇത് രാജ്യത്തെ ബാധിക്കുകയും സമാധാനവും സ്ഥിരതയും ഇല്ലാതാക്കുകയും ചെയ്തുവെന്നും പാക് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
‘ആഭ്യന്തര രാഷ്ട്രീയ അജണ്ടകൾക്കായി’ മതന്യൂനപക്ഷങ്ങളെ മാറ്റിനിർത്തുകയും ആക്രമിക്കുയും ചെയ്യുന്ന രീതി ശരിയല്ല. ഭീകരവാദം, തീവ്രവാദം, വിഘടനവാദം എന്നിവയെക്കുറിച്ച് സംസാരിച്ച് ഷെഹബാസ്, എസ്സിഒ രാജ്യങ്ങൾ ഇതിനെതിരെ നടപടികൾ കൈക്കൊള്ളണമെന്ന് അഭ്യർത്ഥിച്ചു. ചൈന-പാകിസ്താൻ സാമ്പത്തിക ഇടനാഴിയ്ക്ക് (സിപിഇസി) മേഖലയിലെ കണക്റ്റിവിറ്റി വർദ്ധിപ്പിച്ചുകൊണ്ട് ഒരു ഗെയിം ചേഞ്ചർ ആകാൻ സാധിക്കുമെന്നും ഷെഹബാസ് അഭിപ്രായപ്പെട്ടു.
Discussion about this post