മലപ്പുറം: നിലമ്പൂരിൽ അഞ്ചംഗ കുടുംബം പുഴയിൽ ഒഴുക്കിൽപ്പെട്ടു. മൂന്ന് പേർ രക്ഷപ്പെട്ടു. രണ്ട് പേർക്കായി തിരച്ചിൽ തുടരുകയാണ്.
ഇന്ന് പുലർച്ച് മൂന്ന് മണിയോടെയായിരുന്നു സംഭവം.നിലമ്പൂർ അമരമ്പലത്ത് ക്ഷേത്രത്തിന് സമീപം വാടകക്ക് താമസിക്കുന്ന കുടുംബമാണ് കുതിരപ്പുഴയിലെ ഒഴുക്കിൽ അകപ്പെട്ടത്. ബലിയർപ്പിക്കുന്നതടക്കമുള്ള ചടങ്ങുകൾക്കായി ക്ഷേത്രത്തിൽ എത്തിയതായിരുന്നു കുടുംബം. ഇതിനിടെയായിരുന്നു അപകടം ഉണ്ടായത്.
കുട്ടികൾ ഉൾപ്പെടെയാണ് സംഘത്തിൽ ഉണ്ടായിരുന്നത്. ഒഴുക്കിൽപ്പെട്ട രണ്ട് കുട്ടികളാണ് ആദ്യം രക്ഷപ്പെട്ടത്. ഇവർ നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിൽ മൂന്ന് കിലോമീറ്റർ അകലെ നിന്നും കണ്ടെത്താൻ കഴിഞ്ഞു.
പെൺകുട്ടിയുൾപ്പെടെ രണ്ട് പേരെയാണ് ഇനി കണ്ടെത്താനുള്ളത്. സുശീല (60), അനുശ്രീ (12) എന്നിവരെയാണ് കാണാതായിട്ടുള്ളത് എന്നാണ് നാട്ടുകാർ പറയുന്നത്. ഇവർക്കായി തിരച്ചിൽ തുടരുകയാണ്.












