മുംബൈ: മഹാരാഷ്ട്രയിൽ ശക്തിപ്രകടനത്തിൽ കരുത്ത് തെളിയിച്ച് എൻസിപി നേതാവും ഉപമുഖ്യമന്ത്രിയുമായ അജിത് പവാർ. മുഖ്യമന്ത്രിയാകാനുള്ള തന്റെ ആഗ്രഹവും അജിത് യോഗത്തിനിടെ വെളിപ്പെടുത്തി. ഉദ്ധവ് താക്കറെയ്ക്കതിരെ ഏക്‌നാഥ് ഷിൻഡെ നിലപാട് സ്വീകരിച്ച സമയം,എൻസിപിയുടെ എല്ലാ നിയമസഭാംഗങ്ങളും ബിജെപിയുമായി കൈകോർക്കാൻ ആഗ്രഹിച്ചിരുന്നുവെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി പറഞ്ഞു. പാർട്ടിയെ നയിക്കാൻ പുതിയ ആളുകൾക്ക് അവസരം നൽകണമെന്ന് അജിത് പവാർ ആവശ്യപ്പെട്ടു. ‘മറ്റ് പാർട്ടികളിൽ നേതാക്കൾ വയസായ ശേഷം വിരമിക്കുന്നു, നിങ്ങൾ പുതിയ ആളുകൾക്ക് അവസരം നൽകണം. ഞങ്ങൾക്ക് എന്തെങ്കിലും തെറ്റ് പറ്റിയാൽ ഞങ്ങളോട് പറയൂ. നിങ്ങളുടെ വയസ്സ് 83 ആണ്, നിങ്ങൾ എന്നെങ്കിലും നിർത്തുമോ ഇല്ലയോ? എന്ന് അദ്ദേഹം ശരദ് പവാറിനോട് ചോദിച്ചു. തന്നെ എന്തിനാണ് വില്ലനാക്കുന്നതെന്ന് മനസിലാകുന്നില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ന് ചേർന്ന യോഗത്തിൽ 35 എംഎൽഎമാർ പങ്കെടുത്തെന്നാണ് വിവരം. 5 എംപിമാരും 3 എംഎൽസിമാരും അജിത് പവാറിന്റെ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. 13 എംഎൽഎമാരാണ് ശരദ് പവാർ വിളിച്ചു ചേർത്ത യോഗത്തിൽ എത്തിയത്.തങ്ങളാണ് യഥാർത്ഥ എൻസിപിയെന്നും പാർട്ടിയുടെ പേരും ചിഹ്നവും തങ്ങൾക്ക് നൽകണമെന്നും അജിത് പവാർ പക്ഷം അവകാശപ്പെട്ടു.
മഹാരാഷ്ട്ര നിയമസഭയിൽ എൻസിപിക്ക് ആകെ 53 എംഎൽഎമാരാണുള്ളത്. അയോഗ്യതാ ഭീഷണി നേരിടാൻ 36 പേരുടെ പിന്തുണ വേണം. ഇരുവിഭാഗവും വിളിച്ച യോഗത്തിൽ പങ്കെടുക്കാതെ ഏഴു പേരാണ് വിട്ടുനിന്നത്.ശരദ് പവാർ വിളിച്ച യോഗത്തിൽ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് വിപ് ജിതേന്ദ്ര അഹ്വാദ് എംഎൽഎമാർക്ക് വിപ് നൽകിയിരുന്നു. എംഎൽഎമാർ, എംപിമാർ, മറ്റു ഭാരവാഹികൾ എന്നിവർ പങ്കെടുക്കാൻ ഇരുവിഭാഗവും നിർദേശിച്ചിട്ടുണ്ട്.
Discussion about this post