2011 ലാണ് ലോകം കണ്ട ഏറ്റവും വലിയ ആണവ ദുരന്തങ്ങളിൽ ഒന്നായ ഫുകുഷിമ ആണവ ദുരന്തം ഉണ്ടാക്കുന്നത്. കനത്ത നാശം വിതച്ച ഭൂകമ്പത്തെയും സുനാമിയെയും തുടർന്ന് സമീപവാസികളായ ഒന്നരലക്ഷത്തോളം പേരെ ഇവിടെ നിന്നും മാറ്റി പാർപ്പിച്ചു. ഫുകുഷിമ പ്ലാന്റ് ഡി കമ്മീഷൻ ചെയ്യാനുള്ള നടപടികളും ആരംഭിച്ചു. ഈ നടപടികൾ പൂർത്തീകരിക്കാൻ വർഷങ്ങളുടെ സമയം എടുക്കും എന്നാണ് പറയപ്പെടുന്നത്.
എന്നാൽ
ഫുകുഷിമ ആണവനിലയത്തിൽ നിന്ന് ഒരു ദശലക്ഷം ക്യുബിക് മീറ്ററിലധികം ശുദ്ധീകരിച്ച മലിനജലം പസഫിക് സമുദ്രത്തിലേക്ക് ഒഴുക്കാൻ ഒരുങ്ങുകയാണ് ജപ്പാൻ എന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ . ഫുകുഷിമയിലെ ജലം കടലിലേക്ക് ഒഴുക്കുന്നത് പരിസ്ഥിതിയെ ദോഷകരമായി ബാധിക്കില്ല എന്നാണ് ഐക്യരാഷ്ട്രസഭയുടെ ഇന്റര്‍നാഷണല്‍ അറ്റോമിക് എനര്‍ജി ഏജന്‍സി റിപ്പോർട്ട് നൽകിയിരിക്കുന്നത്. എന്നാൽ ചൈനയും ദക്ഷിണ കൊറിയയും ഇതിനെതിരെ ശക്തമായ എതിർപ്പുമായി രംഗത്ത് വന്നിട്ടുണ്ട്. ‘ പസഫിക് ജപ്പാന്റെ സ്വകാര്യ അഴുക്കുചാലല്ല’ എന്നാണ് ചൈനയുടെ വിദേശകാര്യ വക്താവ് ജപ്പാന്റെ ഈ തീരുമാനത്തോട് പ്രതികരിച്ചത് . ഇത്തരം ഒരു തീരുമാനം എടുക്കുന്നതിന് മുമ്പ് അയൽരാജ്യങ്ങളെയോ ജപ്പാനിലെ പൊതുജനങ്ങളെയോ പോലും പരിഗണിച്ചില്ല എന്നും ഇവർ വിമർശനമുന്നയിക്കുന്നു.
ഹൈഡ്രജന്റെ ഭാരമേറിയ ഐസോടോപ്പായ ട്രിറ്റിയം ഒഴികെയുള്ള മിക്കവാറും എല്ലാ റേഡിയോ ആക്ടീവ് വസ്തുക്കളും നീക്കം ചെയ്യുന്നതിനായി ആദ്യം ഒരു അഡ്വാൻസ്ഡ് ലിക്വിഡ് പ്രോസസ്സിംഗ് സിസ്റ്റം വഴി ശുദ്ധീകരിച്ച ശേഷം മാത്രമേ മലിനജലം കടലിലേക്ക് ഒഴുക്കി വിടൂ എന്നാണ് ഈ വിഷയത്തെക്കുറിച്ച് ജപ്പാന്റെ പ്രതികരണം. സമുദ്രത്തിലേക്ക് പുറന്തള്ളുന്നതിന് മുമ്പ് വെള്ളം നേർപ്പിച്ച് ട്രിറ്റിയത്തിന്റെ അളവ് റെഗുലേറ്ററി നിലവാരത്തിന് താഴെയാക്കും എന്നും അതിനാൽ ഭയപ്പെടേണ്ട സാഹചര്യം ഒന്നുംതന്നെയില്ല എന്നും ജപ്പാൻ വ്യക്തമാക്കുന്നു.
Discussion about this post