ന്യൂഡൽഹി : മറുനാടൻ മലയാളി എന്ന ചാനലിനെ അടിച്ചമർത്തുന്ന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ. ബിബിസിയുടെ ഡോക്യുമെന്ററികൾ നിരോധിച്ചതിനെ വിമർശിച്ച ഒരു മുഖ്യമന്ത്രിയും സർക്കാരുമാണ് ഇന്ന് യൂട്യൂബ് ചാനലിലെ മാദ്ധ്യമപ്രവർത്തകരെ വേട്ടയാടുന്നത് എന്ന് അദ്ദേഹം പറഞ്ഞു. മാദ്ധ്യമങ്ങളെ നിരന്തരം അടിച്ചമർത്തുകയും ഭീഷണിപ്പെടുത്തി നിശ്ശബ്ദരാക്കുകയും ചെയ്യുന്നത്തിനുള്ള ശ്രമങ്ങളാണ് കേരളത്തിൽ നടക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. മറുനാടൻ മലയാളി എന്ന സ്ഥാപനത്തിലെ ജീവനക്കാരുടെ വീടുകളിലും ബന്ധുവീടുകളിലും പോലീസ് റെയ്ഡ് നടത്തിയ സംഭവത്തിലാണ് കേന്ദ്ര മന്ത്രിയുടെ പ്രതികരണം.
കേരളത്തിൽ പിണറായി വിജയൻ എന്താണ് ചെയ്യുന്നതെന്ന് രാജ്യത്തെ ജനങ്ങൾ നോക്കണം. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ സിപിഎം അധികാരത്തിലേറിയത് മുതൽ സംസ്ഥാനം അഴിമതിയിൽ മുങ്ങിക്കുളിക്കുകയാണ്. സ്വർണ്ണക്കടത്ത് മുതൽ റോഡ് കാമറ വരെയുള്ള അഴിമതികളുടെയും വിവാദങ്ങളുടെയും പരമ്പരയിൽ പെട്ടിരിക്കുകയാണ് സർക്കാർ. പല അഴിമതികളിലും പിണറായി വിജയന്റെ സ്റ്റാഫും കുടുംബാംഗങ്ങളും വരെയും ഉൾപ്പെട്ടിട്ടുണ്ട്. ഈ സത്യം പുറത്തുകൊണ്ടുവരുന്ന മാധ്യമങ്ങളെ നിരന്തരം അടിച്ചമർത്തുകയും ഭീഷണിപ്പെടുത്തി നിശ്ശബ്ദരാക്കുകയും ചെയ്യുന്നത്തിനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.
അടുത്തിടെ ന്യൂസ് ചാനലിലെ വനിതകളടക്കമുള്ള മാദ്ധ്യമപ്രവർത്തകർക്കെതിരെ കേസുകൾ ഫയൽ ചെയ്തിട്ടുണ്ട്. ബിബിസിയുടെ ഡോക്യുമെന്ററികൾ നിരോധിച്ചതിന് കേന്ദ്ര സർക്കാരിനെ വിമർശിക്കുകയും അഭിപ്രായസ്വാതന്ത്ര്യത്തെക്കുറിച്ച് പ്രസംഗിക്കുകയും ചെയ്യുന്ന മുഖ്യമന്ത്രിയും സർക്കാരുമാണ് കേരളത്തിലേത്. ഇവരാണ് കോടതിയുടെ പരിഗണനയിലുള്ളതും അപ്പീൽ നൽകിയിട്ടുള്ളതുമായ ഒരു വിഷയത്തിൽ മറുനാടൻ മലയാളി എന്ന യൂട്യൂബ് ചാനലിനും ഷാജൻ സ്‌കറിയക്കുമെതിരെയുള്ള നടപടികളെന്ന പേരിൽ മറ്റു മാദ്ധ്യമപ്രവർത്തകരുടെ ഓഫീസുകളിലും വീടുകളിലും പോലീസിനെ ഉപയോഗിച്ച് റെയ്ഡ് നടത്തുന്നത്.
നമ്മുടെ രാജ്യത്ത് അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ച് കാപട്യവും ഇരട്ടത്താപ്പുമുണ്ടെങ്കിൽ, ഭീഷണിയുടെയും രാഷ്ട്രീയം തുടരുകയാണെങ്കിൽ അതിനെ പ്രതിനിധീകരിക്കുന്നത് കേരളത്തിലെ ഇടതുപക്ഷവും മാർക്‌സിസ്റ്റ് സർക്കാരുമാണ്. ത്രിപുര, പശ്ചിമ ബംഗാൾ തുടങ്ങി വിവിധയിടങ്ങളിൽ നിന്ന് അവർ പുറത്താക്കപ്പെട്ടതിന്റെ കാരണവും മറ്റൊന്നല്ല. എന്നാൽ കേരളത്തിൽ, അവർ മാദ്ധ്യമങ്ങൾക്കെതിരായ അസഹിഷ്ണുതയുടെയും ഭീഷണിയുടെയും പ്രവർത്തനങ്ങൾ തുടരുന്നു.
ഇത് ജനാധിപത്യത്തിന് നിരക്കാത്തതാണ്. ആധുനിക ലോകത്ത് ഡിജിറ്റൽ മാദ്ധ്യമങ്ങൾ സർക്കാരിന് അസൗകര്യമുണ്ടാക്കുന്ന ചോദ്യങ്ങളുയർത്തുന്നതിന്റെ പേരിൽ ഒരു യൂട്യൂബ് ചാനൽ നിരോധിക്കാനൊരുങ്ങുന്നത് സർക്കാരിന്റെ തന്നെ സ്വർണക്കടത്ത് പോലുള്ള അഴിമതികൾ പുറത്തുവരുമെന്ന് ഭയന്നാണ്.
മാദ്ധ്യമങ്ങളോട് അസഹിഷ്ണുത കാണിക്കുകയും പോലീസിനെ ഉപയോഗിച്ച് മാദ്ധ്യമങ്ങളെ നിശ്ശബ്ദരാക്കാൻ ശ്രമിക്കുകയും ചെയ്യുന്നതിൽ മുന്നിലുള്ളത് ഇടതുപക്ഷമാണ്. അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പേരിൽ പ്രധാനമന്ത്രിയെ വിമർശിക്കുന്നതിലും കള്ളം പറയുന്നതിയിലും മടികാട്ടാത്ത ഇവർ തന്നെയാണ് സ്വന്തം സർക്കാരിനെതിരെ പരാമർശമുണ്ടാവുമ്പോൾ അസഹിഷ്ണുത പ്രകടിപ്പിക്കുന്നത്. ഇത് വ്യക്തമായ ഇരട്ടത്താപ്പാണെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.
Discussion about this post