ശ്രീനഗർ : പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയുമായി ബന്ധപ്പെട്ട മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ ആരോപണങ്ങൾ തള്ളി ജമ്മുകശ്മീർ ഭരണകൂടം. പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി പ്രകാരം ഭവനരഹിതർക്ക് ഭൂമി നൽകുമെന്നുള്ള ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയുടെ പ്രഖ്യാപനത്തിനെതിരെ മെഹബൂബ് മുഫ്തി നേരത്തെ രംഗത്തെത്തിയിരുന്നു. ഗവർണറുടെ ഈ പ്രഖ്യാപനം ജമ്മുകശ്മീരിന്റെ ജനസംഖ്യാശാസ്ത്രത്തിൽ മാറ്റം വരുത്താനുള്ള തുടക്കമാണെന്ന് മെഹബൂബ മുഫ്തി ആരോപിച്ചു. ഭവനരഹിതരായ വ്യക്തികൾക്ക് വീട് നൽകുന്നു എന്ന പേരിൽ ജമ്മു കശ്മീർ സർക്കാർ ചേരികളെയും ദാരിദ്ര്യത്തെയും ഈ മേഖലയിലേക്ക് ഇറക്കുമതി ചെയ്യുകയാണ് എന്നായിരുന്നു മെഹബൂബ മുഫ്തി പറഞ്ഞത്. ഇത് ജമ്മു കശ്മീരിന്റെ ജനസംഖ്യയിൽ മാറ്റം വരുത്തുന്നതിനുള്ള നിലവിലുള്ള സർക്കാരിന്റെ ശ്രമമാണെന്നും പിഡിപി നേതാവ് ആരോപിച്ചു.
എന്നാൽ മെഹബൂബ മുഫ്തിയുടെ ആരോപണങ്ങൾ ജമ്മു കശ്മീർ സർക്കാർ നിഷേധിച്ചു. 2 ലക്ഷത്തിലധികം ആളുകൾക്ക് ഭൂമി അനുവദിച്ചുവെന്ന് ആരോപിക്കുന്ന പ്രസ്താവന വസ്തുതാപരമായി തെറ്റാണെന്നും മെഹബൂബ മുഫ്തിക്ക് പിഎംഎവൈ സ്കീമിനെകുറിച്ചും ജമ്മു കശ്മീരിന്റെ റവന്യൂ നിയമങ്ങളെ കുറിച്ചും ധാരണയില്ലാത്തതുകൊണ്ട് പറ്റിയ പിശക് ആയിരിക്കാം എന്നും ജമ്മു കശ്മീർ സർക്കാർ പറയുന്നു.
മെഹബൂബ മുഫ്തി ഉദ്ധരിച്ച വിവരങ്ങൾ ഭവന-നഗര കാര്യങ്ങളുമായി ബന്ധപ്പെട്ടതാണ് എന്നും ജമ്മു കാശ്മീരിന്റെ ഗ്രാമപ്രദേശങ്ങൾക്കായുള്ള ഗ്രാമ വികസന മന്ത്രാലയത്തിന് കീഴിലാണ് പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി വരുന്നതെന്നും ജമ്മു കാശ്മീർ സർക്കാർ വ്യക്തമാക്കി. PMAY ഗ്രാമീൺഘട്ടം 1 2016 ഏപ്രിൽ ഒന്നിന് ആരംഭിച്ചു. 2011 ലെ SECC ഡാറ്റയെ അടിസ്ഥാനമാക്കി 257349 ഭവനരഹിത കേസുകൾ ജമ്മു കാശ്മീരിൽ കണ്ടെത്തി. തുടർന്ന് ഗ്രാമസഭകൾ പരിശോധിച്ചതിനുശേഷം 136152 ഭവന പദ്ധതികൾ ജമ്മു കശ്മീരിൽ അനുവദിച്ചു. 2002ൽ അനുവദിച്ചിട്ടുള്ള പദ്ധതിയുടെ നിലവിലെ ഘട്ടം 2024 മാർച്ച് 31ന് പൂർത്തിയാകും എന്നും ജമ്മുകശ്മീർ സർക്കാർ വൃത്തങ്ങൾ ഇതോടൊപ്പം അറിയിച്ചു.
Discussion about this post