ന്യൂഡൽഹി: എൻസിപി അദ്ധ്യക്ഷൻ ഇപ്പോഴും താൻ തന്നെയെന്ന് മുതിർന്ന രാഷ്ട്രീയ നേതാവ് ശരദ് പവാർ. പ്രായം തനിക്കൊരു പ്രശ്നമല്ല. തനിക്ക് 82 വയസായത് പ്രശ്നമാണെന്ന് ചിലർ പറയുന്നു. എന്നാൽ, എൺപത്തിരണ്ടല്ല, തൊണ്ണൂറ്റിരണ്ട് വയസായാലും താൻ തന്നെയാണ് നേതാവെന്നും പവാർ പറഞ്ഞു.
അനന്തിരവൻ അജിത് പവാറിനൊപ്പം നിൽക്കുന്ന നേതാക്കളായ പ്രഫുൽ പട്ടേലിനെയും സുനിൽ താത്കറെയെയും എസ് ആർ കോഹ്ലിയെയും പാർട്ടിയിൽ നിന്നും പുറത്താക്കിയതായും ശരദ് പവാർ അവകാശപ്പെട്ടു. രണ്ട് ദശാബ്ദങ്ങൾക്ക് മുൻപ് കോൺഗ്രസുമായി പിരിഞ്ഞ ശേഷം താൻ ജന്മം നൽകിയ പാർട്ടിയാണ് എൻസിപി. ഇത് പാർട്ടിയെ ആദ്യം മുതൽ വീണ്ടും കെട്ടിപ്പടുക്കാനുള്ള സമയമാണെന്നും ഡൽഹിയിൽ നിർവാഹക സമിതി എന്ന് അവകാശപ്പെട്ട യോഗത്തിൽ വെച്ച് പവാർ കൂട്ടിച്ചേർത്തു.
അജിത് പവാറിനോട് വ്യക്തിപരമായി വിരോധമില്ല. രാഷ്ട്രീയം അവരവരുടെ സ്വാതന്ത്ര്യമാണ്. മറ്റുള്ള കാര്യങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷനെ ധരിപ്പിക്കും. പാർട്ടി ചിഹ്നം നഷ്ടമാകാതിരിക്കാൻ ഏതറ്റം വരെയും പോകുമെന്നും പവാർ പറഞ്ഞു.
നേരത്തേ, വയനാട് മുൻ എം പി രാഹുൽ ഗാന്ധി ശരദ് പവാറിനെ ഡൽഹിയിലെ വസതിയിൽ സന്ദർശിച്ചിരുന്നു. സംഘടനയുടെ പിന്തുണ ശരദ് പവാറിനാണെന്ന് പി സി ചാക്കോ ആവർത്തിച്ച് അവകാശപ്പെട്ടു.
അതേസമയം, ശരദ് പവാർ വിളിച്ചു ചേർത്ത യോഗം പാർട്ടി ദേശീയ നിർവാഹക സമിതിയുടെ ഔദ്യോഗിക യോഗമാണെന്ന് അവകാശപ്പെടനാകില്ലെന്ന് അജിത് പവാർ വ്യക്തമാക്കി. സംഘടനാപരമായി യോഗങ്ങൾ വിളിച്ചു ചേർക്കാനോ തീരുമാനങ്ങൾ കൈക്കൊള്ളാനോ ഉള്ള അധികാരം നിലവിൽ ശരദ് പവാറിനില്ല. ജൂൺ 30ന് ചേർന്ന എൻസിപി ദേശീയ നിർവാഹക സമിതി യോഗമാണ് ആധികാരികം. അത് പ്രകാരം താനാണ് പാർട്ടി അദ്ധ്യക്ഷൻ. ഇക്കാര്യം തിരഞ്ഞെടുപ്പ് കമ്മീഷനെ ധരിപ്പിച്ചിട്ടുണ്ടെന്നും അജിത് പവാർ അറിയിച്ചു.
Discussion about this post