തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ ആൾമാറാട്ടവുമായി ബന്ധപ്പെട്ട കേസിൽ പ്രതികളുടെ ജാമ്യാപേക്ഷ തള്ളി കോടതി. കോളേജ് മുൻ പ്രിൻസിപ്പാൾ ഷൈജുവിന്റെയും എസ്എഫ്‌ഐ നേതാവ് വിശാഖിന്റെയും ജാമ്യാപേക്ഷയാണ് കാട്ടാക്കട ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി തള്ളിയത്. കേസിൽ വിശാഖ് ഒന്നാം പ്രതിയും ഷൈജു രണ്ടാം പ്രതിയുമാണ്.
കേസിൽ അറസ്റ്റിലായ ഇരുവരും കഴിഞ്ഞ വെള്ളിയാഴ്ചയാണ് ജാമ്യത്തിനായി കോടതിയെ സമീപിച്ചത്. പ്രതികൾക്ക് ജാമ്യം നൽകിയാൽ കേസ് അട്ടിമറിയ്ക്കാൻ സാദ്ധ്യതയുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ജാമ്യാപേക്ഷ തള്ളിയത് എന്നാണ് സൂചന. കാട്ടാക്കട കോടതി ജാമ്യം നിഷേധിച്ച സാഹചര്യത്തിൽ ഇരു പ്രതികളും തിരുവനന്തപുരം ജില്ലാ കോടതിയെ സമീപിക്കും.
കഴിഞ്ഞ ദിവസമായിരുന്നു ഇവരെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. കേസിൽ മുൻകൂർ ജാമ്യം വേണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ഹൈക്കോടതി ഇവരുടെ അപേക്ഷ തള്ളുകയായിരുന്നു. ഇതോടെ ഇരുവരും പോലീസിന് മുൻപാകെ കീഴടങ്ങുകയായിരുന്നു ചെയ്തത്.
Discussion about this post