മുംബൈ: വിരമിക്കുന്ന അദ്ധ്യാപികയ്ക്ക് കെട്ടിപ്പിടിച്ച് കരഞ്ഞ് യാത്ര അയപ്പ് നൽകുന്ന വിദ്യാർത്ഥികളുടെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറൽ ആകുന്നു. മഹാരാഷ്ട്രയിലെ നല്ലസോപാരയിൽ നിന്നാണ് വൈകാരിക രംഗങ്ങളുടെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുള്ളത്. ഈ കാഴ്ച സമൂഹമാദ്ധ്യമ ഉപഭോക്താക്കളുടെയും കണ്ണ് നനയിച്ചു.
ഭൗസാഹെബ് വർതക് വിദ്യാമന്ദിർ സ്‌കൂളിലെ അദ്ധ്യാപികയായിരുന്ന നയന അരുൺ റാവതിനെയായിരുന്നു വിദ്യാർത്ഥികൾ കെട്ടിപ്പിടിച്ച് കരഞ്ഞ് യാത്ര അയച്ചത്. കഴിഞ്ഞ 36 വർഷമായി ഇവിടെ അദ്ധ്യാപികയായി സേവനം അനുഷ്ഠിച്ചുവരികയാണ് നയന. 39 വർഷമാണ് നയന അദ്ധ്യാപികയായി ജോലി ചെയ്തിട്ടുള്ളത്.
നയനയുടെ മകളായ അരോഹിയാണ് ഇതിന്റെ വീഡിയോ ട്വിറ്ററിൽ പങ്കുവച്ചത്. സ്‌കൂൾ അദ്ധ്യാപികയായിരുന്ന തന്റെ മാതാവ് ഇന്ന് വിരമിക്കുന്നു, മാതാവിന് ലഭിച്ച ഏറ്റവും വലിയ പുരസ്‌കാരം നോക്കു എന്ന തലക്കെട്ടോടെയാണ് അരോഹി വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. അഞ്ച് ദിവസങ്ങൾക്ക് മുൻപ് പുറത്തുവന്ന വീഡിയോ ഇതിനോടകം തന്നെ രണ്ടര ലക്ഷത്തിലധികം ആളുകൾ ആണ് കണ്ടത്. എണ്ണായിരത്തിലധികം ലൈക്കുകളും വീഡിയോകൾക്ക് ലഭിച്ചിട്ടുണ്ട്.
അതേസമയം നിരവധി പേരാണ് അദ്ധ്യാപികയെ പ്രകീർത്തിച്ച് രംഗത്ത് എത്തിയിട്ടുള്ളത്. അദ്ധ്യാപിക ഓരോ വിദ്യാർത്ഥികളിലും ഉണ്ടാക്കിയിട്ടുള്ള സ്വാധീനമാണ് ഇതിൽ നിന്നും വ്യക്തമാകുന്നത് എന്നാണ് സമൂഹമാദ്ധ്യമ ഉപയോക്താക്കൾ പ്രതികരിക്കുന്നത്.
Discussion about this post