കൊൽക്കത്ത: കൊടിയ അക്രമങ്ങളുടെയും കൊള്ളിവെപ്പുകളുടെയും ബൂത്ത് പിടുത്തങ്ങളുടെയും അകമ്പടിയോടെ പശ്ചിമ ബംഗാളിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പ് ആരംഭിച്ചു. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ജൂൺ 9 മുതൽ ഇതുവരെ 22 പേരാണ് വിവിധ അക്രമ സംഭവങ്ങളിൽ ബംഗാളിൽ കൊല്ലപ്പെട്ടത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്ന് പേർക്കാണ് ജീവഹാനി സംഭവിച്ചത്.
73,887 സീറ്റുകളിലേക്കായി രണ്ട് ലക്ഷത്തിൽ പരം സ്ഥാനാർത്ഥികൾ മത്സരിക്കുന്ന തിരഞ്ഞെടുപ്പിൽ ബാലറ്റ് പേപ്പർ ഉപയോഗിക്കുന്നു എന്ന അപൂർവതയുമുണ്ട്. രാവിലെ 7.00 മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകുന്നേരം 5.00 മണിക്കാണ് അവസാനിക്കുന്നത്.
തിരഞ്ഞെടുപ്പിനിടെ കുച്ച്ബിഹാറിലെ പോളിംഗ് ബൂത്തിൽ തൃണമൂൽ പ്രവർത്തകർ ബാലറ്റ് പേപ്പറുകൾ കൂട്ടിയിട്ട് കത്തിച്ചു. പോൾ ചെയ്ത വോട്ടുകൾ അടങ്ങിയ ബാലറ്റ് പെട്ടിയുമായി കുതിരപ്പുറത്ത് വന്ന അജ്ഞാതൻ കടന്നുകളഞ്ഞു. തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർ പ്രാണരക്ഷാർത്ഥം സമീപത്തെ കടകളിൽ അഭയം തേടിയിരിക്കുകയാണെന്ന് ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു.
അക്രമ സംഭവങ്ങൾ വ്യാപകമാണെന്ന റിപ്പോർട്ടിനെ തുടർന്ന് പശ്ചിമ ബംഗാൾ ഗവർണർ സി വി ആനന്ദബോസ് വിവിധ പ്രദേശങ്ങളിൽ മിന്നൽ സന്ദർശനം നടത്തി. നോർത്ത് 24 പർഗാനയിലെ ബസുദേബ്പുരിലെത്തിയ ഗവർണർക്ക് മുന്നിൽ, അക്രമങ്ങളിൽ ആവലാതികളുമായി സിപിഎം നേതാക്കൾ എത്തി. അവരുടെ പരാതികൾ ശ്രദ്ധാപൂർവം കേട്ട ഗവർണർ, പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാകുമെന്ന് അറിയിച്ചു.
മുർഷിദാബാദിലെ ഷംഷേർഗഞ്ചിൽ കഴിഞ്ഞ രാത്രി കോൺഗ്രസ് പ്രവർത്തകരും തൃണമൂൽ കോൺഗ്രസ് പ്രവർത്തകരും ഏറ്റുമുട്ടിയിരുന്നു. സംഘർഷത്തിനിടെ അക്രമാസക്തരായ പ്രവർത്തകർ വീടുകൾ തകർത്തു. നിരവധി പേർക്ക് പരിക്കേറ്റു.
തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ വ്യാപകമായി അക്രമങ്ങൾ നടക്കാനുള്ള സാദ്ധ്യതയുണ്ടെന്ന് ഇന്റലിജൻസ് റിപ്പോർട്ട് ഉണ്ടായിരുന്നു. സൗത്ത് 24 പർഗാനയിൽ വ്യാപകമായി നാടൻ ബോംബുകൾ നിർമ്മിക്കുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. തിരഞ്ഞെടുപ്പിൽ മനപ്പൂർവ്വം സംഘർഷമുണ്ടാക്കാൻ ചിലർ ശ്രമിക്കുന്നതായും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
Discussion about this post