കൊൽക്കത്ത: പഞ്ചായത്ത് തിരഞ്ഞെടുപ്പിനിടെ പശ്ചിമ ബംഗാളിൽ അരങ്ങേറിയ അക്രമ സംഭവങ്ങളിൽ ശക്തമായ പ്രതിഷേധവുമായി ബിജെപി. വിഷയത്തിൽ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറെ സമീപിക്കുമെന്ന് ബിജെപി നേതാവ് സുവേന്ദു അധികാരി വ്യക്തമാക്കി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉണ്ടായ അക്രമ സംഭവങ്ങളിൽ 14 ഓളം പേരാണ് കൊല്ലപ്പെട്ടിരിക്കുന്നത്.
തിരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്നുണ്ടായ ജാഗ്രത കുറവും സംസ്ഥാന സർക്കാരിന്റെ അനാസ്ഥയുമാണ് ബംഗാളിലുണ്ടായ അക്രമ സംഭവങ്ങളുടെ മൂലകാരണം. ഇതേ തുടർന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷണറെ കാണുമെന്ന് സുവേന്ദു അധികാരി അറിയിച്ചത്. ആറ് മണിയ്ക്ക് ശേഷം തിരഞ്ഞെടുപ്പ് കമ്മീഷണറെ നേരിട്ട് കാണും. തിരഞ്ഞെടുപ്പ് കമ്മീഷനെ പൂട്ടുമെന്നും സുവേന്ദു അധികാരി കൂട്ടിച്ചേർത്തു.
ബംഗാളിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച അന്ന് മുതൽ വ്യാപക അക്രമ സംഭവങ്ങളാണ് അരങ്ങേറിക്കൊണ്ടിരുന്നത്. തിരഞ്ഞെടുപ്പ് ദിനമായ ഇന്ന് ഇത് രൂക്ഷമാകുകയായിരുന്നു. അക്രമ സംഭവങ്ങൾ കണക്കിലെടുത്ത് സംസ്ഥാനത്ത് കേന്ദ്രസേനയെ വിന്യസിക്കാൻ കൊൽക്കത്ത ഹൈക്കോടതി ഉത്തരവിടുകയായിരുന്നു. എന്നാൽ ഇതിനെ തിരഞ്ഞെടുപ്പ് കമ്മീഷനും സർക്കാരും ശക്തമായി എതിർക്കുകയായിരുന്നു. ഇന്ന് ഉണ്ടായ അക്രമ സംഭവങ്ങളിൽ ഒരു ബിജെപി പ്രവർത്തകൻ ഉൾപ്പെടെയുളളവർക്കാണ് ജീവൻ നഷ്ടമായത്.
Discussion about this post