പശ്ചിമ ബംഗാൾ: സംസ്ഥാനത്തെ പഞ്ചായത്ത് തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പിനിടെ ഉണ്ടായ വ്യാപക അക്രമങ്ങളിൽ മമതാ ബാനർജിയുടെ നേതൃത്വത്തിലുള്ള പശ്ചിമ ബംഗാൾ ഭരണകൂടത്തെ രൂക്ഷമായി വിമർശിച്ച് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ. തെരഞ്ഞെടുപ്പിൽ വിജയിക്കുന്നതിനായി ആളുകളെ കൊല്ലുന്നത് തടയാൻ പശ്ചിമ ബംഗാൾ മുഖ്യമന്ത്രിക്ക് കഴിയുന്നില്ലെന്നും മന്ത്രി ആഞ്ഞടിച്ചു. സംസ്ഥാനത്ത് അഴിഞ്ഞാടുന്ന ജനാധിപത്യത്തിന്റെ കൊലപാതകത്തെ അവഗണിക്കാനുള്ള “അവാർഡ് മടക്കികൊടുക്കൽ” സംഘത്തിന്റെ കഴിവിനെയും അദ്ദേഹം ചോദ്യം ചെയ്തു. ഒരു വാർത്താ മാധ്യമത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് വാർത്താവിതരണ പ്രക്ഷേപണ വകുപ്പു മന്ത്രി അനുരാഗ് ഠാക്കൂർ ഇക്കാര്യം സംസാരിച്ചത്.
ശനിയാഴ്ച വോട്ടെടുപ്പ് നടക്കുമ്പോൾ വിവിധ സ്ഥലങ്ങളിലായി 17 പേരെങ്കിലും കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ പറയുന്നത്. കൂടാതെ, വ്യാപകമായ അക്രമങ്ങൾ തെരഞ്ഞെടുപ്പ് തടസ്സപ്പെടാൻ കാരണമായി. ഇത് മാത്രമല്ല, വോട്ടിംഗ് ബൂത്തുകൾ നശിപ്പിക്കുകയും ബാലറ്റ് പെട്ടികൾ കൊള്ളയടിക്കുകയും ചില സ്ഥലങ്ങളിൽ ബാലറ്റ് പേപ്പറുകൾക്ക് തീ കൊളുത്തുകയും ഉണ്ടായി.
കാണുന്നതും കേൾക്കുന്നതും സംസാരിക്കുന്നതും മമത ബാനർജി നിർത്തി, കാരണം അവരുടെ ഭരണത്തിൽ “ബംഗാളിന്റെ ബോംബ് സംസ്കാരം” ജനങ്ങൾക്കിയിൽ ഭയാനകമായ വികാരം വളർത്തിയെടുത്തെന്ന് മന്ത്രി ആരോപിച്ചു. അധികാരം തട്ടിയെടുക്കാനുള്ള കൊലപാതക പദ്ധതികളാണ് ഇപ്പോൾ നടക്കുന്നത്. പലയിടത്തും ടിഎംസി അംഗങ്ങൾ ബാലറ്റ് പെട്ടികളുമായി പലായനം ചെയ്യുകയും അവരുടെ ഇഷ്ടത്തിനനുസരിച്ച് വോട്ട് ചെയ്യുകയും ഉണ്ടായി. ഇതെല്ലാം മമതാ ബാനർജിയുടെ സംസ്ഥാനത്ത് പരസ്യമായി നടക്കുന്നുണ്ട്. ‘അവാർഡ് തിരികെ നൽകുന്നതി’നെ കുറിച്ച് സംസാരിച്ചിരുന്നവർ ഇപ്പോൾ ജനാധിപത്യത്തിന്റെ കൊലപാതകം കാണുന്നില്ലേ എന്ന് ചോദിക്കാൻ ആഗ്രഹിക്കുന്നു എന്നും മന്ത്രി പറഞ്ഞു.
ജനാധിപത്യത്തിൽ, ബോംബുകളേക്കാളും വെടിയുണ്ടകളേക്കാളും എല്ലായ്പ്പോഴും ബാലറ്റിനാണ് പ്രാധാന്യമെന്ന് അദ്ദേഹം പറഞ്ഞു. ചിലർ വോട്ട് രേഖപ്പെടുത്താൻ പോളിംഗ് ബൂത്തിലേക്ക് പോകുമ്പോൾ ആളുകൾ ബാലറ്റ് പെട്ടിയുമായി ഓടിപ്പോകുകയും, ബോംബുകളുടെയും ബുള്ളറ്റുകളുടെയും ശബ്ദം മാത്രം ഉയരുകയും ചെയ്യ്താൽ, ജനാധിപത്യത്തിൽ ഇതിനേക്കാൾ ദൗർഭാഗ്യകരമായ മറ്റൊന്നും ഉണ്ടാകാനില്ലെന്നും അനുരാഗ് ഠാക്കൂർ പറഞ്ഞു.
ബിഹാറിലെ ബോംബ് സ്‌ഫോടനങ്ങൾ ഇപ്പോൾ ബംഗാളിലെ ബോംബ് സ്‌ഫോടനങ്ങളായി മാറിയിരിക്കുന്നു. ബോംബ് സ്‌ഫോടനങ്ങൾ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി മാറിയ അതേ സംസ്ഥാനത്തിന്റെ അതേ തലസ്ഥാന നഗരമായ പട്‌നയിൽ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഒത്തുകൂടിയ പ്രതിപക്ഷ ഐക്യത്തെക്കുറിച്ച് സംസാരിക്കുന്ന, മറ്റുള്ളവർക്കെതിരെ കടുത്ത അഴിമതിയാരോപണങ്ങൾ ഉന്നയിച്ച നേതാക്കളോട് ഈ അക്രമങ്ങളെക്കുറിച്ച് ഒരു ചോദ്യവും ഉന്നയിക്കുന്നില്ലേ എന്നും രാഹുൽ ഗാന്ധിയും മുഴുവൻ കോൺഗ്രസ് പാർട്ടിയും നിശ്ശബ്ദ കാഴ്ചക്കാരായി മാറിയെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
ഏതാനും മാസങ്ങൾക്ക് മുമ്പ് ഉത്തർപ്രദേശിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പ് അവസാനിച്ചു, എല്ലാം സുഗമമായും സമാധാനപരമായും നടന്നുവെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു. ബംഗാളിൽ ഇത് സമാധാനപരമായി നടക്കാത്തതിന് കാരണം ബംഗാൾ സർക്കാരിന് സമാധാനം ആവശ്യമില്ലാത്തതും സമാധാനപരമായ തിരഞ്ഞെടുപ്പ് ആവശ്യമില്ലാത്തതും ആളുകൾക്ക് അവരുടെ മൗലികാവകാശങ്ങൾ നൽകാൻ സർക്കാർ ആഗ്രഹിക്കാത്തതും കൊണ്ടാണെന്ന് അദ്ദേഹം ആഞ്ഞടിച്ചു. ബംഗാളിലെ തിരഞ്ഞെടുപ്പ് തമാശയായി മാറിയിരിക്കുകയാണെന്നും ബംഗാളിന്റെ, സ്വാമി വിവേകാനന്ദന്റെ, സുഭാഷ് ചന്ദ്രബോസിന്റെ, ശ്യാമ പ്രസാദ് മുഖർജിയുടെ ചരിത്രത്തെ മമത ബാനർജി ഇന്ന് അപമാനിച്ചിരിക്കുന്നുവെന്നും കേന്ദ്രമന്ത്രി വിമർശിച്ചു.
Discussion about this post