ഹൈദരാബാദ് : ഓട്ടിസം ബാധിച്ച കാമിസെട്ടി വെങ്കട് എന്ന ഗായകനെ അനുമോദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വാറങ്കലിൽ എത്തിയ മോദി വെങ്കട്ടിനെ നേരിട്ട് കണ്ട് കെട്ടിപ്പിടിച്ച് അഭിനന്ദിക്കുകയായിരുന്നു. മികച്ച കഴിവുള്ള വ്യക്തിയാണ് വെങ്കട് എന്നും പ്രധാനമന്ത്രി പറഞ്ഞു.
”കഴിവിന്റെ ശക്തി കേന്ദ്രമാണ് വെങ്കട്. തന്റെ സ്വപ്നങ്ങളെ പിന്തുടരുന്നതിൽ നിന്ന് പോരായ്മകൾ ഒരിക്കലും അദ്ദേഹത്തെ പിന്തിരിപ്പിച്ചില്ല. നാട്ടു നാട്ടു എന്ന പാട്ട് പാടുകയും ഒപ്പം നൃത്തം ചെയ്യുകയും ചെയ്തു. അദ്ദേഹത്തിന്റെ മനക്കരുത്തിനെ ഞാൻ അഭിനന്ദിക്കുന്നു.” മോദി ട്വീറ്റ് ചെയ്തു.
വാറങ്കലിലെത്തിയ മോദി കമ്യൂണിസ്റ്റ് ഭീകരതയ്ക്ക് ഇരയായവരുടെ കുടുംബങ്ങളെയും സന്ദർശിച്ചു. അവരുടെ കഥകൾ തന്നെ അഗാധമായി സ്പർശിച്ചു. പ്രതികൂല സാഹചര്യങ്ങളിലും അവർ പോരാടുകയാണ്. സമാധാനവും സമൃദ്ധിയും കെട്ടിപ്പടുക്കാൻ അവർ രാജ്യത്തിന് പ്രചോദനമാവുകയാണെന്നും മോദി പറഞ്ഞു.
സംസ്ഥാനം കുടുംബ രാഷ്ട്രീയത്തിന്റെ വലയിൽ കുടുങ്ങിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ബിആർഎസും കോൺഗ്രസും തെലങ്കാനയിലെ ജനങ്ങൾക്ക് അപകടകരമാണ്. ഏറ്റവും അഴിമതി നിറഞ്ഞ സർക്കാരാണ് ഇപ്പോൾ ഇവിടെ ഭരണം നടത്തുന്നത് എന്നു മോദി ചൂണ്ടിക്കാട്ടി.
Discussion about this post