ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ വ്യാപകമായി അക്രമ സംഭവങ്ങൾ അരങ്ങേറിയ സാഹചര്യത്തിൽ സംസ്ഥാന ഗവർണർ സി വി ആനന്ദബോസ് ഡൽഹി സന്ദർശിക്കും. തലസ്ഥാനത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ സന്ദർശിക്കുന്ന അദ്ദേഹം, സംസ്ഥാനത്ത് നടന്ന അക്രമ സംഭവങ്ങളുടെ വിശദമായ റിപ്പോർട്ട് ആഭ്യന്തര മന്ത്രാലയത്തിന് സമർപ്പിക്കും.
തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ട ജൂൺ 9 മുതൽ തിരഞ്ഞെടുപ്പ് നടന്ന ജൂലൈ 8 വരെ അക്രമം ഒഴിഞ്ഞ ദിവസങ്ങൾ ബംഗാളിൽ ഉണ്ടായിരുന്നില്ല. ബൂത്ത് പിടുത്തവും തിരഞ്ഞെടുപ്പ് അട്ടിമറിയും വ്യാപകമായി നടന്ന ജൂലൈ 8ന് മാത്രം 10 പേരാണ് സംസ്ഥാനത്ത് കൊല്ലപ്പെട്ടത്. തിരഞ്ഞെടുപ്പ് അക്രമങ്ങളുമായി ബന്ധപ്പെട്ട് 29 പേർ ആകെ കൊല്ലപ്പെട്ടു എന്നാണ് വിവരം.
ബാലറ്റ് പെട്ടികൾ വ്യാപകമായി നശിപ്പിക്കപ്പെടുകയും അഗ്നിക്കിരയാക്കപ്പെടുകയും ചെയ്തു. ചിലയിടങ്ങളിൽ നിന്നും കഴിഞ്ഞ ദിവസം അക്രമികൾ കടത്തിക്കൊണ്ട് പോയ ബാലറ്റ് പെട്ടികൾ ഇന്ന് അഴുക്കുചാലുകളിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു.
ലോക്സഭാ- നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് ശേഷവും ബംഗാളിൽ കലാപങ്ങൾ ഉണ്ടായിരുന്നു. രാഷ്ട്രീയ എതിരാളികളെ പാർട്ടി ഗുണ്ടകളെ ഉപയോഗിച്ച് തൃണമൂൽ കോൺഗ്രസ് ഉന്മൂലനം ചെയ്യുന്നു എന്ന ആക്ഷേപം മറ്റ് പാർട്ടികൾക്കിടയിൽ ശക്തമാണ്. സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണം എന്ന് പലപ്പോഴും ബിജെപി ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിൽ, മുൻ ഐ എ എസ് ഉദ്യോഗസ്ഥൻ കൂടി ആയിരുന്ന ഗവർണർ സി വി ആനന്ദബോസ് നേരിട്ട് ബോദ്ധ്യപ്പെട്ട വിവരങ്ങൾ കൂടി ഉൾപ്പെടുത്തി തയ്യാറാക്കുന്ന റിപ്പോർട്ടിനെ ആശങ്കയോടെയാണ് മമത സർക്കാർ നോക്കിക്കാണുന്നത്.
Discussion about this post