മൊബൈൽ ഗെയിമിംഗ് ആപ്പായ പബ്ജിയിലൂടെ പരിചയപ്പെട്ട ഇന്ത്യക്കാരനോടൊപ്പം അനധികൃതമായി ഇന്ത്യയിൽ പ്രവേശിച്ചതിന് അറസ്റ്റിലായ പാകിസ്ഥാൻ യുവതി സീമ ഹൈദർ ജാമ്യത്തിൽ പുറത്തിറങ്ങി. തന്നെ ഇന്ത്യയിൽ തുടരാൻ അനുവദിക്കണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് സീമ ആവശ്യപ്പെട്ടു. “ദയവായി എന്നെ സച്ചിനൊപ്പം ഇന്ത്യയിൽ തന്നെ തുടരാൻ അനുവദിക്കൂ. എന്നെ നിങ്ങൾ പാകിസ്താനിലേക്ക് തിരിച്ചയച്ചാൽ അവർ എന്നെ കല്ലെറിഞ്ഞു കൊല്ലും. പാകിസ്താനിലേക്ക് മടങ്ങുന്നതിനേക്കാൾ നല്ലത് ഇവിടെ തന്നെ മരിക്കുന്നതാണ് ” സീമ യോഗി ആദിത്യനാഥിനോട് അഭ്യർത്ഥിച്ചു.
സീമ ഹൈദറും സച്ചിനും വിവാഹത്തിനായി സമീപിച്ച അഭിഭാഷകൻ ഇവരുടെ അനധികൃത യാത്രയെക്കുറിച്ച് അധികൃതരെ അറിയിച്ചതിനെത്തുടർന്നാണ് ജൂലൈ 4 ന് ഹരിയാനയിലെ ബല്ലഭ്ഗഡിൽ വെച്ച് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്.
സച്ചിന്റെ പിതാവും ഇതോടൊപ്പം അറസ്റ്റിലായിരുന്നു . 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്ന ഇവരെ മൂന്ന് പേരെയും ശനിയാഴ്ച ജാമ്യത്തിൽ വിട്ടയച്ചു.
സീമയെയും മക്കളെയും പാകിസ്ഥാനിലേക്ക് തിരിച്ചയക്കണമെന്ന് ഇന്ത്യൻ സർക്കാരിനോട് അഭ്യർത്ഥിക്കുന്ന ഇവരുടെ ഭർത്താവിന്റെ വീഡിയോ നേരത്തെ തന്നെ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. എന്നാൽ ഈ വീഡിയോയിലെ ഭർത്താവ് ഗുലാം ഹൈദറിന്റെ അവകാശവാദങ്ങൾ ആജ് തക് ചാനലിന് നൽകിയ അഭിമുഖത്തിൽ സീമ നിഷേധിച്ചു .
Discussion about this post