ഡല്‍ഹി: പാലക്കാട് ഐ.ഐ.ടിയ്ക്ക് കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്കി. ഇതുകൂടാതെ തിരുവനന്തപുരം അടക്കമുള്ള നാല് ഐസറുകള്ക്കുള്ള ബജറ്റ് വിഹിതം കൂട്ടുകയും ചെയ്തു. 2500 കോടിയില്‍ നിന്ന് 4799 കോടി രൂപയായാണ് ഉയര്‍ത്തിയത്.
കേരളത്തെ കൂടാതെ ആന്ധ്ര, ഗോവ, ഛത്തീസ്ഗഡ്, ജമ്മുകാശ്മീര്‍ എന്നിവിടങ്ങളിലെ ഐ.ഐ.ടികള്‍ക്കും അംഗീകാരം നല്കി. 2014 -15 വര്‍ഷത്തെ കേന്ദ്ര ബജറ്റിലാണ് കേരളമടക്കം അഞ്ച് സംസ്ഥാനങ്ങള്‍ക്ക് ഐ.ഐ.ടി അനുവദിച്ചത്.
മികച്ച താല്‍ക്കാലിക സൗകര്യമൊരുക്കിയാല്‍ ഇക്കൊല്ലം തന്നെ പാലക്കാട് ഐ.ഐ.ടി ആരംഭിക്കാമെന്ന് മാനവ വിഭവശേഷി വകുപ്പ് മന്ത്രി സ്മൃതി ഇറാനി ഉറപ്പ് നല്‍കിയിരുന്നു. തുടര്‍ന്ന് അഹല്യയില്‍ താല്‍ക്കാലിക കാമ്പസ് സജ്ജീകരിച്ച് ക്ലാസുകള്‍ ആരംഭിച്ചിരുന്നു. 12 മലയാളികളുള്‍പ്പെടെ 117 വിദ്യാര്‍ത്ഥികളുമായാണ് കാമ്പസ് പ്രവര്‍ത്തനമാരംഭിച്ചത്. കമ്പ്യൂട്ടര്‍, സിവില്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍ വിഭാഗങ്ങളിലായി നാല് ബി.ടെക് കോഴ്സുകളാകും ആദ്യമുണ്ടാവുക. മദ്രാസ് ഐ.ഐ.ടിയ്ക്കാണ് പാലക്കാട് കാമ്പസിന്റെ ചുമതല നല്‍കിയിരുന്നത്.
2014 ജൂലായ് 10നാണ് കേന്ദ്ര ധനമന്ത്രി പാലക്കാട് ഐ.ഐ.ടി ബജറ്റില്‍ പ്രഖ്യാപിച്ചത്. 2014 സെപ്തംബര്‍ 26നാണ് കേരളാ സര്‍ക്കാറിന് ഇത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് ലഭിച്ചത്. സ്ഥിരം കാമ്പസിന് പുതുശ്ശേരി വെസ്റ്റ് വില്ലേജില്‍ 500 ഏക്കര്‍ ഏറ്റെടുക്കുന്നതിനുള്ള സര്‍വെ അന്തിമഘട്ടത്തിലാണ്. ഡിസംബറില്‍ സ്ഥലമേറ്റെടുപ്പ് പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. മൂന്ന് വര്‍ഷം കൊണ്ട് ഐ.ഐ.ടി സ്ഥിരം കാമ്പസിലേക്ക് മാറും.
Discussion about this post